ആന്തൂർ, മലപ്പട്ടം, കണ്ണപുരം... ഭീഷണിയെന്ന് യു.ഡി.എഫ്;  പങ്കില്ലെന്ന് എൽ.ഡി.എഫ്

Monday 24 November 2025 12:12 AM IST
തദ്ദേശ ഇലക്ഷൻ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആന്തൂർ നഗരസഭയിലും മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലും ചില വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചതിനെ തുടർന്ന് രാഷ്ട്രീയ വിവാദം ശക്തം. ഭീഷണിയിലൂടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളെ മത്സരത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം. എന്നാൽ സ്ഥാനാർത്ഥികളെ കണ്ടെത്താനാകാത്തതിന്റെ ഉത്തരവാദിത്തം തങ്ങളുടെമേൽ ചുമത്തരുതെന്നാണ് സി.പി.എമ്മിന്റെ നിലപാട്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആന്തൂർ, മലപ്പട്ടം പ്രദേശങ്ങളിലെ സി.പി.എം ഏകാധിപത്യത്തെ ശക്തമായി വിമർശിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കാൻപോലും അനുവദിക്കാത്ത നിലപാട് ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് പ്രവണതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഇതേ നിലപാടാണ് സ്വീകരിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയും മുൻ നഗരസഭാദ്ധ്യക്ഷയുമായ പി.കെ ശ്യാമള താമസിക്കുന്ന വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തരുതെന്നാണ് പാർട്ടിയുടെ പ്രത്യക്ഷമായ നിലപാടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഈ സമീപനത്തിന് നേതൃത്വം നൽകുന്നത് ശ്യാമള തന്നെയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. കോൺഗ്രസിന് സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയാത്തതിൽ സി.പി.എമ്മിന്റെ പങ്ക് എന്താണെന്നാണ് പി.കെ. ശ്യാമളയുടെ ചോദ്യം. സ്ഥാനാർത്ഥികൾ സ്വമേധയാ പിന്മാറിയതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനുമേൽ ചുമത്തുന്നത് ന്യായമല്ലെന്നും അവർ വാദിക്കുന്നു. ആന്തൂർ നഗരസഭയിൽ യു.ഡി.എഫ് 17 സീറ്റുകളിൽ മാത്രമാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. സി.എച്ച് നഗർ വാർഡിൽ യു.ഡി.എഫ് പത്രിക നൽകിയില്ലെങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥിയുണ്ട്. മുൻ തിരഞ്ഞെടുപ്പിൽ നാല് സി.പി.എം സ്ഥാനാർത്ഥികൾ ആന്തൂരിൽ എതിരില്ലാതെ വിജയിച്ചിരുന്നു.

ആന്തൂർ നഗരസഭ യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികൾ കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ഔപചാരികമായ പരാതി സമർപ്പിച്ചിട്ടുണ്ട്. മലപ്പട്ടത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡി.സി.സി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി സമർപ്പിച്ചു.

ഭീഷണി ആരോപണങ്ങൾ വ്യാപകം വർഷങ്ങളായി ആന്തൂർ പ്രദേശത്ത് നിലനിൽക്കുന്ന ഭീഷണി അന്തരീക്ഷമാണ് എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ കഴിയാതെ വരുന്നതെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. മൈലാട്, തളിയിൽ, ആന്തൂർ, അഞ്ചാംപീടിക, വെള്ളിക്കീൽ എന്നീ വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെയും അവരുടെ നിർദ്ദേശകരെയും സി.പി.എം പ്രവർത്തകർ വ്യവസ്ഥാപിതമായി ഭീഷണിപ്പെടുത്തിയെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. നാമനിർദ്ദേശപത്രിക പിൻവലിക്കണമെന്നും വെള്ളപേപ്പറിൽ എഴുതി ഒപ്പിട്ട് നൽകണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ വീടുകളിലെത്തി സമ്മർദ്ദം ചെലുത്തിയെന്ന് ഇവർ വിശദീകരിച്ചു.

വിമതരും തലവേദന സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള പ്രയാസവും അതേസമയം ജില്ലയിൽ മറ്റു ചില വാർഡുകളിൽ വിമത സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യവും യു.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ചില പ്രദേശങ്ങളിൽ എൽ.ഡി.എഫിനും വിമത പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്.