വിമാനത്തില്‍ സംഭവിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുവതി; അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്‍ഡിഗോയും
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതി. മുംബയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിലെ തന്റെ ചെക്കിന്‍ ബാഗില്‍ നിന്ന് 40,000 രൂപ വിലയുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് യുവതിയുടെ ആരോപണം. മുംബയ് സ്വദേശിനിയായ റിതിക അറോറയാണ് സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്ന പരാതിയുമായി രംഗത്തുവന്നത്. എന്നാല്‍ യുവതിയുടെ ആരോപണത്തെ നിഷേധിക്കുകയാണ് എയര്‍ലൈന്‍ തങ്ങളുടെ വിശദീകരണത്തില്‍.
തന്റെ ബാഗുകള്‍ കീറിയിരിക്കുന്ന നിലയിലുള്ള ചിത്രങ്ങള്‍ യുവതി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് വൈറലാകുകയും നിരവധിപേര്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വരികയും ചെയ്തു. ഇന്‍ഡിഗോയുടെ ഉത്തരവാദിത്തമില്ലായ്മയില്‍ അങ്ങേയറ്റം നിരാശയുണ്ടെന്ന് യുവതി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഇന്‍ഡിഗോയില്‍ തന്റെ മുംബയ് - ഡല്‍ഹി വിമാനയാത്രക്കിടെയായിരുന്നു മോഷണം. രണ്ട് ചെക്ക്-ഇന്‍ സ്യൂട്ട്‌കേസുകള്‍ കീറിമുറിച്ച്, 40,000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ചു.
എയര്‍സേവ, കസ്റ്റമര്‍ കെയര്‍, മറ്റ് പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവയിലൂടെ വിഷയം ഉന്നയിച്ചെങ്കിലും സി.സി.ടി.വി മോഷണം കണ്ടെത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സിസിടിവി മാത്രം പരിശോധിച്ചതുകൊണ്ട് മോഷ്ടാക്കളെ പിടികൂടാന്‍ കഴിയില്ലെന്നും സിസിടിവി നിരീക്ഷണം ഇല്ലാതിരുന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കാതെ തെളിവില്ലെന്ന് പറഞ്ഞ് തന്റെ പരാതിയെ അവഗണിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് യുവതി ആരോപിക്കുന്നത്.
ഒരു യാത്രക്കാരന്റെ സുരക്ഷയും അവരുടെ ബാഗേജിന്റെ ഉത്തരവാദിത്തവും വിമാനക്കമ്പനിയുടേതാണ്. തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ ഇങ്ങനെ പൊതുവായ ഒരു മറുപടിയില്‍ കാര്യങ്ങള്‍ ഒതുക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും റിതിക അറോറ പോസ്റ്റില്‍ കുറിച്ചു. യാത്രാ നിബന്ധനകള്‍ അനുസരിച്ച്, യാത്രക്കാര്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ക്യാബിന്‍ ബാഗേജില്‍ കൊണ്ടുപോകണമെന്ന് എയര്‍ലൈന്‍ അഭിപ്രായപ്പെട്ടു. അധികാരികള്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചാല്‍, ആവശ്യമായ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു.