ഇടതിന് വേരോട്ടമില്ലാത്ത മാട്ടൂൽ ഗ്രാമ പഞ്ചായത്ത്
കണ്ണൂർ: ഇടത് രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ കണ്ണൂരിൽ ഇടതിന് തീരെ വേരോട്ടമില്ലാത്ത മാട്ടൂൽ ഗ്രാമ പഞ്ചായത്ത് തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് ഇത്തവണ എൽ.ഡി.എഫ് നേതൃത്വം. രൂപീകരണ കാലം മുതൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് മാട്ടൂൽ. കല്യാശേരി ബ്ളോക്ക് പഞ്ചായത്തിൽ അറബിക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഉപദ്വീപാണ് മാട്ടൂൽ.
1964ലെ വില്ലേജ് പുനഃസംഘടനയെത്തുടർന്നാണ് മടക്കരയും തെക്കുമ്പാട് ദ്വീപും ഉൾക്കൊള്ളിച്ച് മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. തീരദേശ പഞ്ചായത്തായ മാട്ടൂലിൽ പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ ഭരണം നടത്തുന്നത് മുസ്‌ലിം ലീഗ്-കോൺഗ്രസ് മുന്നണിയാണ്. നിലവിൽ 17 അംഗ ഭരണസമിതിയിൽ 11 അംഗങ്ങളും യു.ഡി.എഫിന്റേതാണ്. ഒരു സീറ്റിൽ മാത്രമാണ് സി.പി.എം ജയിച്ചത്. സ്വതന്ത്രന്റെയും എൻ.സി.പിയുടേയും പിൻബലത്തിലാണ് പ്രതിപക്ഷം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തിരഞ്ഞടുപ്പിലാണ് സി.പി.എം ആദ്യമായി ഒരു സീറ്റിലെങ്കിലും വിജയിക്കുന്നത്.
ഇത്തവണ വാർഡ് വിഭജനത്തിന്റെ ഭാഗമായി അധികം വന്ന രണ്ട് വാർഡുകളും കൂട്ടി 19 സീറ്റുകളിലേക്കാണ് മത്സരം. കഴിഞ്ഞതവണ പതിനൊന്ന് സീറ്റുകളിൽ ഏഴ് സീറ്റുകളിൽ മുസ്ളീം ലീഗാണ് ജയിച്ചത്. മുസ്ളീംലീഗിന്റെ ശക്തി കേന്ദ്രമായ മാട്ടൂലിൽ ഇത്തവണയും ലീഗിന് തന്നെയായിരിക്കും മുൻതൂക്കമെന്നാണ് പൊതുജനാഭിപ്രായം.
കഴിഞ്ഞ തവണയൊന്ന് പിഴച്ചു
കഴിഞ്ഞതവണ എൽ.ഡി.എഫ് പ്രാദേശിക നേതാക്കൾ ഒന്നടങ്കം മത്സര രംഗത്തിറങ്ങിയതും മുന്നണിയിലെ ചില അസ്വാരസ്യങ്ങളുമാണ് ഒരു സീറ്റിൽ സി.പി.എം ജയിക്കാനുള്ള കാരണമായി മുസ്ളീം ലീഗിന്റെ വിലയിരുത്തൽ. എന്നാൽ ഇത്തവണ ആ അക്കൗണ്ട് പൂട്ടാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണയുണ്ടായ പാളിച്ചകളൊന്നും ഇത്തവണയുണ്ടാകരുതെന്ന കർശന നിർദ്ദേശം ജില്ല നേതൃത്വം നൽകിയതായാണ് വിവരം.
വികസനം പ്രഹസനമെന്ന് എൽ.ഡി.എഫ്
കാലങ്ങളായി പഞ്ചായത്ത് നേരിടുന്ന വികസന മുരടിപ്പാണ് എൽ.ഡി.എഫ് ഇത്തവണ വിഷയമാക്കുന്നത്. മാട്ടൂലിൽ മത്സ്യത്തൊഴിലാളികളും ഹാർബറുമെല്ലാം അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊറുതി മുട്ടുകയാണെന്നാണ് ഇടതിന്റെ ആരോപണം. ജനങ്ങൾ ഇതിനൊക്കെ എതിരായി വിധിയെഴുതുമെന്നാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്. വികസന മുരടിപ്പിനെതിരെ ശക്തമായ പ്രതിഷേധവും നിലനിൽക്കുന്നതായി ഇവർ പറയുന്നു.
12.82
ഏഴ് കിലോമീറ്ററോളം നീളത്തിലും ഒന്നര കിലോമീറ്റർ വീതിയിലും വ്യാപിച്ചു കിടക്കുന്നു. 12.82 ചതുരശ്രകിലോമീറ്ററാണ് വിസ്തീർണം. ന്യൂന പക്ഷ വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും കടലുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്നവരുമാണ് ഭൂരിഭാഗവും.