പാലാരിവട്ടം തിരുമ്മൽ കേസ്: തട്ടിയെടുത്തതിൽ പകുതി എസ്.ഐയുടെ പോക്കറ്റിൽ
കൊച്ചി: പാലാരിവട്ടത്തെ വിവാദ തിരുമ്മൽ കേസിൽ സഹപ്രവർത്തകനായ പൊലീസുകാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത നാലുലക്ഷം രൂപയിൽ രണ്ടു ലക്ഷം കമ്മിഷനായി എസ്.ഐ 'വിഴുങ്ങി". ശേഷിക്കുന്ന രണ്ട് ലക്ഷം കൂട്ടുപ്രതികൾക്ക് വീതിച്ചു നൽകി. പൊലീസുകാരനെ മസാജ് സെന്റർ ജീവനക്കാരിക്കൊപ്പം ചേർന്നാണ് പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.കെ.ബൈജു (53) പച്ചയ്ക്ക് പറ്റിച്ചത്. സസ്പെൻഷനിലായ ഇയാൾ ഒളിവിലാണ്.
പാലാരിവട്ടത്തെ റോയൽ വെൽനെസ് സ്പായിൽ കഴിഞ്ഞ എട്ടിന് തിരുമലിന് വിധേയനായ കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. പൊലീസുകാരന്റെ പരാതിയിൽ കെ.കെ.ബൈജുവിനെ ഒന്നാംപ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. തിരുമൽ നടത്തിയ സ്പായിലെ ജീവനക്കാരി വൈക്കം സ്വദേശി രമ്യയാണ് മൂന്നാംപ്രതി. രമ്യയുടെ നിർദ്ദേശപ്രകാരം പൊലീസുകാരനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട രണ്ടാംപ്രതി മട്ടാഞ്ചേരി കല്ലുമ്പുള്ളി സ്വദേശി ഷിഹാബ് എന്ന സിദ്ധിക്ക് (38) കഴിഞ്ഞദിവസം അറസ്റ്റിലായി.
പണം നൽകിയില്ലെങ്കിൽ ഭാര്യയെ വിവരം അറിയിക്കുമെന്ന് പൊലീസുകാരനെ നിരന്തരം ഭീഷണിപ്പെടുത്തിയതും ഷിഹാബ്. തിരുമലിന് എത്തുന്നവരെ സ്പായിൽ കയറി ഭീഷണിപ്പെടുത്തുകയും സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതിന് എറണാകുളം നോർത്തിലും കടവന്ത്രയിലും സമാനകേസുകളിൽ പ്രതിയും ക്വട്ടേഷൻ സംഘത്തിൽപ്പെട്ടയാളുമാണ് ഇയാൾ. പൊലീസുകാരനിൽ നിന്ന് തട്ടിയെടുത്ത 4 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപയാണ് ക്വട്ടേഷൻ വകയിൽ ഷിഹാബിന് കിട്ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലാരിവട്ടം എസ്.എച്ച്.ഒ എസ്.ആർ. സനീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
തിരുമൽ നടത്തിയ രമ്യ ഒളിവിലാണ്. സ്പായുടെ നടത്തിപ്പുകാരി രമ്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവിടെ തിരുമലിന് എത്തിയവരെ രമ്യ മുമ്പും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പാലാരിവട്ടം മെഡിക്കൽ സെന്ററിന് സമീപം സ്പാ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തിരുമൽ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരനെ 9ന് രാവിലെ ഫോണിൽ വിളിച്ച രമ്യ തിരുമൽ സമയത്ത് താൻ അഴിച്ചുവെച്ച സ്വർണമാല കാണാനില്ലെന്നും ഇതു തിരിച്ചു തരുകയോ ആറര ലക്ഷം രൂപ തരുകയോ വേണമെന്ന് ആവശ്യപ്പെട്ടാണ് നിരന്തരം ഭീഷണിപ്പെടുത്തിയത്.