തർക്കം തീരാതെ കുമരിച്ചന്ത ഓവർബ്രിഡ്ജ് നിർമ്മാണം....
തിരുവനന്തപുരം: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി തുടങ്ങിയ കുമരിച്ചന്ത ഓവർബ്രിഡ്ജിന്റെ നിർമ്മാണം ഇഴയുന്നു. ഇലക്ഷൻ കൂടി വന്നതോടെ തർക്കത്തിൽ കുരുങ്ങിയ ഓവർബ്രിഡ്ജ് നിർമ്മാണം എന്ന് പൂർത്തിയാകുമെന്നതിൽ ആശങ്കയുണ്ട്.
നാട്ടുകാരുടെയും കച്ചവടക്കാരുടെയും ഇടപെടൽമൂലമാണ് മാസങ്ങളായി ഓവർബ്രിഡ്ജ് നിർമ്മാണം നിറുത്തിവച്ചത്. ഇടയ്ക്ക് ദീർഘനാളായി നിലച്ചിരുന്ന പണികൾ അധികാരികളുടെ കർശന സുരക്ഷയിൽ പുനരാരംഭിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെതുടർന്ന് നിർമ്മാണം നിറുത്തി വയ്കുകയായിരുന്നു.
രൂപകല്പനയിൽ എതിർപ്പ്
ദേശിയ പാത 66ലെ കുമരിച്ചന്ത ഓവർബ്രിഡ്ജിന്റെ രൂപകല്പന മാതൃകയാണ് കൂടുതൽ വിവാദത്തിന് കാരണമായത്. 20 മീറ്രർ സ്പാൻ അകലത്തിൽ മൂന്ന് തൂണുകളുള്ള രീതിയിൽ ഓവർബ്രിഡ്ജ് നിർമ്മിക്കാനാണ് നാഷണൽ ഹൈവെ അതോറിട്ടി ഒഫ് ഇന്ത്യയുടെ തീരുമാനം. എന്നാൽ അഞ്ച് തൂണുകളുള്ള പുതിയ മാതൃക വേണമെന്നും 30 മീറ്റർ അകലത്തിൽ മേൽപ്പാലത്തിനടിയിൽ കൂടുതൽ തുറന്ന സ്ഥലം അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം. എങ്കിൽ മാത്രമെ ആളുകൾക്ക് കടകളിൽ എളുപ്പത്തിൽ എത്താൻ സാധിക്കു.
ജില്ലാ കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിലവിലെ സ്ഥിതിയും മാതൃകയും പുതിയ ഡിസൈനും വിലയിരുത്തിയിരുന്നു.
രൂപകല്പനയിൽ ഉള്ളത്
15 മീറ്റർ ഉയരമുള്ള സംരക്ഷണ ഭിത്തി
5.5 മീറ്റർ ഉയരത്തിലുള്ള തൂണുകൾ
ചെലവ്..... 22 കോടി
അപകടങ്ങളും പതിവ്
നാല് സർവീസ് റോഡുകളും ബൈപ്പാസും ഒന്നിക്കുന്ന ഇവിടെ ട്രഫിക് സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ പതിവാണ്. നിർമ്മാണ പ്രവർത്തനം വൈകുന്നതോടെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. എത്രയും വേഗം പണി പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിർമ്മാണം മുന്നോട്ടുകൊണ്ടുപോകാൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.