11-ാം വാർഡിൽ 18 അടവും പയറ്റാൻ ജ്യേഷ്ഠനും അനുജനും

Monday 24 November 2025 12:00 AM IST
1

മാള: മാള പതിനൊന്നാം വാർഡിൽ ചേട്ടനും അനുജനും നേർക്കുനേർ. കോൺഗ്രസ് മാള മണ്ഡലം വൈസ് പ്രസിഡന്റായ ലിയോ ജോർജ് കൊടിയൻ സ്ഥിരതാമസമുള്ള പതിനൊന്നാം വാർഡിലാണ് മത്സരിക്കുന്നത്. അതേവാർഡിൽ കോൺഗ്രസ് മാള മണ്ഡലം പ്രസിഡന്റും നിലവിലെ ഒമ്പതാം വാർഡ് മെമ്പറുമായ ജിയോ കൊടിയൻ കൂടി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ സാഹചര്യം സങ്കീർണമായി. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ ജിയോ കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ലിയോ വിമത സ്ഥാനാർത്ഥിയാണ്. പതിറ്റാണ്ടിന്റെ എൽ.ഡി.എഫ് ഭരണത്തിന് വിരാമമിട്ട് പഞ്ചായത്ത് തിരിച്ചുപിടിക്കാനാണ് ശ്രമമെന്നും വിജയസാദ്ധ്യത ഉയർന്നവരെ തെരഞ്ഞെടുത്തതിന്റെ ഭാഗമായാണ് തനിക്ക് സ്ഥാനാർത്ഥിത്വം ലഭിച്ചതെന്നും ജിയോ വ്യക്തമാക്കി. പാർട്ടി തീരുമാനം അനുസരിച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരേ വാർഡിൽ ചേട്ടനും അനുജനും കോൺഗ്രസ് പതാകയുമായി മത്സരരംഗത്തിറങ്ങിയത് കൗതുകം ഉണർത്തി.