പ്രണയ വിവാഹം കലാശിച്ചത് കൊലപാതകത്തിൽ, പൊന്നമറ്റം വീട് പൂട്ടി സീൽ ചെയ്തു, ജോളിയുടെ മക്കൾ സഹോദരിക്കൊപ്പം
കോഴിക്കോട്: കൂടത്തായിയിൽ കൊലപാതക പരമ്പര നടന്ന പൊന്നമറ്റം വീട് പൊലീസ് പൂട്ടി സീൽ ചെയ്തു. കോടഞ്ചേരി പൊലീസ് എത്തി രാവിലെയാണ് വീട് സീൽ ചെയ്തത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വീട്ടിൽ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഇവിടെ മരിച്ച ടോം തോമസിന്റെ സഹോദരിയുൾപ്പെടെ ചിലരുണ്ടായിരുന്നു. ഇന്ന് രാവിലെയോടെ ഇവിടെ നിന്ന് പോയ അവർ സഹോദരൻ റോയിയുടെയും ജോളിയുടെയും മക്കളെയും കൂടെക്കൊണ്ടുപോയി.
2002നും 2016നും ഇടയിലാണ് ആറ് മരണങ്ങളും സംഭവിച്ചത്. മരണങ്ങളെല്ലാം ഒരേ രീതിയിലുള്ളതായിരുന്നു. രീതിയിലുള്ളതായിരുന്നു. ടോം തോമസ്, ഭാര്യ അന്നമ്മ. മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ സാലി രണ്ട് വയസുള്ള കുഞ്ഞുമാണ് തുടർച്ചയായി മരണപ്പെട്ടത്.റോയിയുടെ സഹോദരൻ ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച് പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്.
റോയിയുടെ ഭാര്യ ജോളിയാണ് സംഭവത്തിന് പിന്നിലെന്നും സ്വത്ത് തട്ടിയെടുക്കാനും മറ്റുമാണ് കൊല നടത്തിയതെന്നും പൊലീസ് കണ്ടെത്തി. ആറ് പേരെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി എന്നാണ് പൊലീസ് നിഗമനം. ജോളിക്ക് സയനൈഡ് എത്തിച്ച ബന്ധുവായ ജുവലറി ജീവനക്കാരൻ മാത്യു, മാത്യുവിന് സയനൈഡ് നൽകിയ സുഹൃത്തും സ്വർണപ്പണിക്കാരനുമായ പ്രദീപ്കുമാർ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ജില്ലാ ജയിലിൽ പൊലീസ് നിരീക്ഷണത്തിലുള്ള ജോളി മാനസികാസ്ഥ്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്.
താൻ എൻ.ഐ.ടിയിൽ ലച്ചറാണെന്നാണ് ജോളി എല്ലാവരോടും പറഞ്ഞിരുന്നത്. 2016ൽ കൊലപ്പെടുത്തിയ സാലിയുടെ ഭർത്താവ് ഷാജുവിനെ തൊട്ടടുത്ത വർഷം വിവാഹം ചെയ്തതും സംശയത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഷാജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും, ജോളിയെ പൊലീസ് ചോദ്യം ചെയ്യുന്നതുവരെ എൻ.ഐ.ടി ലച്ചറാണെന്നാണ് താനും വിശ്വസിച്ചിരുന്നതെന്നും ഷാജു പൊലീസിനോട് പറഞ്ഞു. ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളി 22 വർഷം മുമ്പാണ് റോയിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഒരു വിവാഹ ചടങ്ങിനിടെയാണ് റോയിയെ പരിചയപ്പെട്ടത്.