'ഒരു വിമാനം കളഞ്ഞു കിട്ടിയിട്ടുണ്ടേ': എയർ ഇന്ത്യക്ക് തിരിച്ചു കിട്ടിയത് 13 വർഷത്തിന് ശേഷം

Monday 24 November 2025 1:39 AM IST

കൊൽക്കത്ത: 'ഒരു യാത്രാവിമാനം കളഞ്ഞു കിട്ടിയിട്ടുണ്ട്, എയർ ഇന്ത്യയുടേതാണ്". കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് കുറച്ചുനാൾ മുമ്പ് ഇങ്ങനെയൊരു സന്ദേശം കിട്ടിയപ്പോൾ എയർ ഇന്ത്യ അമ്പരന്നു. തങ്ങളുടെ കണക്കിലൊന്നും പെടാതെ വിമാനം കാണാതെ പോകുകയോ. കൊൽക്കത്ത വിമാനത്താവളത്തിലെത്തി പരിശോധിച്ചപ്പോൾ സംഗതി സത്യമാണ്. 13 വർഷമായി കൊൽക്കത്ത വിമാനത്താവളത്തിന്റെ പാർക്കിംഗ് ഏരിയയുടെ കോണിൽ അനാഥപ്രേതമായി കിടക്കുന്നു.

43 വർഷം പഴക്കമുള്ള ബോയിംഗ് 737-200 മോഡൽ വിമാനം. ഡീകമ്മിഷൻ ചെയ്തതോടെ കൊൽക്കത്തയിൽ ഒതുക്കിയിട്ടിരുന്നത്. ഇതേക്കുറിച്ചുള്ള വിവരങ്ങളൊന്നും എയർ ഇന്ത്യയുടെ രേഖകളിൽ ഇല്ലാതിരുന്നതോടെ ആരും ശ്രദ്ധിച്ചില്ല. വിമാനം മാറ്രാനായി കൊൽക്കത്ത വിമാനത്താവള അധികൃതരുടെ കത്ത് കിട്ടിയപ്പോഴാണ് എയർ ഇന്ത്യ വിമാനചരിത്രം പരിശോധിച്ചത്.

മുമ്പ് ഇന്ത്യൻ എയർലൈൻസിന്റേതായിരുന്നു. 1998ൽ അലയൻസ് എയറിന് പാട്ടത്തിനു കൊടുത്തു. 2007ൽ ഇന്ത്യൻ എയർലൈൻസിൽ തിരിച്ചെത്തി. ചരക്കു വിമാനമായി ഉപയോഗിച്ചു. 2011ൽ ഇന്ത്യൻ എയർലൈൻസ് എയർ ഇന്ത്യയിൽ ലയിച്ചു. അതിനിടെ ഇന്ത്യ പോസ്റ്റിന്റെ ചരക്കു വിമാനമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 2012ൽ ഡീകമ്മിഷൻ ചെയ്തു. ഇതോടെയാണ് വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ കിടന്നുപോയത്. 2022ൽ എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയപ്പോഴും കണക്കിൽപെട്ടില്ല.

 വിറ്റ് കൈയൊഴിഞ്ഞു

100 അടി നീളം. പരമാവധി 140 പേർക്ക് യാത്രചെയ്യാം. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ശാപമോക്ഷംകിട്ടിയ വിമാനത്തെ തിരിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞയാഴ്ച എയർ ഇന്ത്യ വിറ്രു. പക്ഷേ ആരാണ് വാങ്ങിയതെന്നോ,​ വില എത്രയെന്നോ എയർ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല.