ജസ്റ്റിസ് സൂര്യകാന്തിന്റെ സത്യപ്രതിജ്ഞ ഇന്ന്
Monday 24 November 2025 1:41 AM IST
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാവിലെ 9.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. 2027 ഫെബ്രുവരി ഒമ്പതു വരെയാണ് കാലാവധി. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ്.
സുപ്രീംകോടതിയിലും ഹൈക്കോടതികളിലും കെട്ടിക്കിടക്കുന്ന 90,000 കേസുകളും, ജില്ലാ കോടതികളിലെ അഞ്ച് കോടി കേസുകളും പെട്ടെന്ന് തീർപ്പാക്കാൻ മുൻഗണന നൽകുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസ് തീർപ്പാക്കാൻ മദ്ധ്യസ്ഥത പ്രോത്സാഹിപ്പിക്കും. വസ്തുതകളും നിയമവും അടിസ്ഥാനമാക്കി കേസ് തീരുമാനിക്കുന്ന ജഡ്‌ജിമാരെ സമൂഹമാദ്ധ്യമ ട്രോളുകൾ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.