'എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം ചട്ടലംഘനം'
പുത്തൻചിറ: പുത്തൻചിറ പഞ്ചായത്ത് വാർഡ് 14ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.എസ്.ഷാജുവിന്റെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചാണ് വരണാധികാരി സ്വീകരിച്ചതെന്ന് കോൺഗ്രസ്. കേരള പഞ്ചായത്ത് രാജ് ആക്ടും ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് നിയമങ്ങളും പ്രകാരം സർക്കാർ വകുപ്പുകളുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ കരാർ ബന്ധമുള്ളവർക്ക് സ്ഥാനാർത്ഥിത്വത്തിൽ അയോഗ്യതയുണ്ടാകുമെന്ന വ്യവസ്ഥ അവഗണിച്ചുവെന്നാണ് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.എസ്.ഷാജി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
പഞ്ചായത്തിന്റെ 2025 - 26 വാർഷിക പദ്ധതിയിലെ സ്പിൽ ഓവർ പദ്ധതിയിൽ ഉൾപ്പെട്ട രണ്ട് ജോലികളായ ചേന്ദങ്കിരി മോട്ടോർ ഷെഡ് നിർമ്മാണം, കരിങ്ങാച്ചിറ ബണ്ട് നിർമാണം എന്നിവയുടെ കരാറുകാരനാണ് സ്ഥാനാർത്ഥി. പദ്ധതികൾ പൂർത്തിയാകാതെ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചത് ഗുരുതര വീഴ്ചയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ജോലികളുടെ സെക്യൂരിറ്റി തുക പഞ്ചായത്ത് വകയിൽ നിക്ഷിപ്തമായിരിക്കെയാണ് നാമനിർദേശം സ്വീകരിച്ചത്. വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ഹിയറിംഗ് നടപടികളിൽ കണ്ണികുളങ്ങര ഒന്നാം വാർഡ് അംഗം അഡ്വ. വി.എസ്.അരുൺരാജ്, ടി.എസ്.ഷാജി, ആന്റണി പയ്യപ്പിള്ളി എന്നിവർ പങ്കെടുത്തു.