പൗണ്ട്കടവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നേരെ കൈയേറ്റ ശ്രമം തടഞ്ഞ വാർഡ് പ്രസിഡന്റിന് ഗുരുതര പരിക്ക്
കുളത്തൂർ: നഗരസഭ പൗണ്ട്കടവ് വാർഡിൽ ഭവനസന്ദർശനത്തിനിടെ യു.ഡി എഫ് സ്ഥാനാർത്ഥിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം. അക്രമിയെ തടഞ്ഞ കോൺഗ്രസ് പൗണ്ട്കടവ് വാർഡ് പ്രസിഡന്റിന് ഗുരുതരമായി പരിക്കേറ്രു. വലിയവേളി കിച്ചു ബേക്കറിക്ക് സമീപം കമ്പിക്കകം വീട്ടിൽ ജോൺ സുരേഷിനാണ് (46) കഴുത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ വലിയവേളി ചെറുമൻകര സൗത്ത് തുമ്പ സ്വദേശി കരുപ്പട്ടി ജോസ് എന്ന ജോസിനെ (47) തുമ്പ പൊലീസ് അറസ്റ്റുചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ ഉച്ചക്ക് 12.45നായിരുന്നു സംഭവം. പൗണ്ട്കടവ് വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ മൺവിള സൈനുദ്ദീൻ കോൺഗ്രസ് നേതാക്കൾക്കൊപ്പം വേളിയിൽ ഭവനസന്ദർശനം നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
രാവിലെ വേളി ഇടവക വികാരിയെ സന്ദർശിച്ച ശേഷം ഭവന സന്ദർശനം നടത്തുമ്പോഴാണ് '85 വയസായ തനിക്ക് ഇലക്ഷനിൽ മത്സരിക്കണോ 'എന്ന് ആക്രോശിച്ചുകൊണ്ട് സ്ഥാനാർത്ഥിക്ക് നേരെ പ്രതി പാഞ്ഞടുത്തത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമ്മി,വാർഡ് പ്രസിഡന്റ് ജോൺ സുരേഷ് ഉൾപ്പെടെയുള്ള സംഘം ഇയാളെ തടയുകയായിരുന്നു . ഈ സമയം പ്രതി കൈയ്യിൽ കരുതിയിരുന്ന ആയുധമെടുത്ത് വീശിയപ്പോഴാണ് ജോൺ സുരേഷിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റത്.