ട്രേഡ് യൂണിയൻ നിയന്ത്രണം പിൻവലിക്കണം: ബി.എം.എസ്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ തൊഴിൽ കോഡിൽ ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ബി.എം.എസ്. അതേസമയം തൊഴിൽ കോഡിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ 26ന് ആഹ്വാനം ചെയ്‌ത പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.എം.എസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്‌ണൻ പറഞ്ഞു. രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്‌തും അഭിപ്രായങ്ങൾ തേടിയുമാണ് അതുനടപ്പാക്കിയത്.
പണിമുടക്കാനുള്ള അവകാശം വെട്ടിക്കുറയ്ക്കൽ, ട്രേഡ് യൂണിയൻ അംഗത്വത്തിന് പരിധി ഏർപ്പെടുത്തൽ, പുറത്തുനിന്നുള്ളവർ ഭാരവാഹികളായി പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണം തുടങ്ങിയവ പിൻവലിക്കണമെന്ന് തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയ്‌ക്ക് അയച്ച നിവേദനത്തിൽ ബി.എം.എസ് ആവശ്യപ്പെട്ടു.
ഇ.പി.എസ് കുറഞ്ഞ പെൻഷൻ 1,000 രൂപയിൽ നിന്ന് 7,500 രൂപയായും ഇ.പി.എഫ് വേതന പരിധി 15,000ൽ നിന്ന് 30,000 രൂപയായും ഇ.എസ്.ഐ വേതന പരിധി 21,000ൽ നിന്ന് 42000 രൂപയായി ഉയർത്തണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു. വാർഷിക ബോണസ് പരിധി 7,000 രൂപയിൽ നിന്ന് 14,000 രൂപയായി ഉയർത്തണം.