പോസ്റ്ററുകൾ,​ പോസ്റ്റുകൾ,​ ലെെവുകൾ... സോഷ്യൽ മീഡിയയിൽ 'കാടടച്ച് ' പ്രചാരണം

Monday 24 November 2025 12:50 AM IST

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോൾ പ്രധാന അങ്കത്തട്ടായി സോഷ്യൽ മീഡിയ. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നു തുടങ്ങിയതോടെ പ്രചാരണം പൊടിപൊടിക്കുകയാണ്. വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെല്ലാം കാണാം വിവിധ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ. ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രചാരണമാണ്. പോസ്റ്റുകൾക്ക് ലഭിക്കുന്ന കമന്റുകൾ നിർണായകമാണെന്ന് സ്ഥാനാർത്ഥികൾ പറയുന്നു. മുൻകാലങ്ങളിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ മുന്നണികൾക്ക് നിർണായകമായിരുന്നു. എല്ലാ വീടുകളും കയറിയിറങ്ങി സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തണം. എന്നാൽ, ഇപ്പോൾ സ്ഥാനാർത്ഥി വീട്ടിലെത്തും മുമ്പ് സ്ഥാനാർത്ഥിയുടെ ചിത്രം വോട്ടർമാരുടെ കൈകളിലെത്തും. ഓരോ ബൂത്തിലും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിൽ സോഷ്യൽ മീഡിയ കൺവീനർമാർക്ക് പ്രത്യേക പദവി നൽകുന്നുണ്ട്. യുവാക്കളെയാണ് ഇതിനായി നിയോഗിക്കുന്നത്.

വാട്‌സ്ആപ്പ് ഗ്രൂപ്പും ലൈവും

വാർഡിലെ പരമാവധി പേരെ ഉൾക്കൊള്ളിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചുള്ള പ്രചാരണവും സ്ഥാനാർത്ഥികൾ സജീവമാക്കി. ഓരോ പ്രദേശത്തെ നേട്ടങ്ങളും കോട്ടങ്ങളും സോഷ്യൽ മീഡിയയിലൂടെ ലൈവായി പ്രദർശിപ്പിച്ച് വോട്ടർമാരെ ചാക്കിടുന്ന തന്ത്രങ്ങളുമുണ്ട്. വോട്ടർഭ്യർത്ഥിച്ചുള്ള വീഡിയോകളും നിറഞ്ഞുകഴിഞ്ഞു. വാർഡ് തലങ്ങളിലെ കുടുംബയോഗങ്ങളും പൊതുയോഗങ്ങളും ലൈവായി വോട്ടർമാരിൽ എത്തിക്കുന്നതിന് പോലും പ്രത്യേക ടീമുണ്ട്. വരും ദിവസങ്ങളിൽ പ്രചാരണരംഗം കൊഴുക്കുന്നതോടെ സോഷ്യൽ മീഡിയയിൽ 'നിൽക്കാനിടമില്ലാതെ' സ്ഥാനാർത്ഥികൾ നിറയും.