സ്യാലിന് കണ്ണീർ പ്രണാമം, ഭാര്യയുടെ ലാസ്റ്റ് സല്യൂട്ട്
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യൂണിഫോമിൽ പ്രിയതമന് അവസാന സല്യൂട്ട് നൽകുമ്പോൾ വിംഗ് കമാൻഡർ അഫ്ഷാന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നമൻഷ് സ്യാൽ എന്ന ധീരനായ ഓഫീസർ ഇനി തിരിച്ചെത്തില്ലെന്ന യാഥാർത്ഥ്യത്തിന്റെ ഞെട്ടലിൽ നിന്ന് ഭാര്യ അഫ്ഷാൻ മുക്തയായിരുന്നില്ല. ത്രിവർണ പതാക പുതപ്പിച്ച സ്യാലിന്റെ ഭൗതികദേഹത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് സല്യൂട്ട് നൽകുമ്പോൾ അഫ്ഷാന്റെ കൈയിൽ മുറുകെ പിടിച്ച് സഹപ്രവർത്തകർ നിന്നു. സ്യാലിന്റെയും അഫ്ഷാന്റെയും ഏക മകൾ ആറു വയസുകാരി ആര്യയുടെ കണ്ണീർ കൂടി പൊഴിഞ്ഞതോടെ ഹിമാചൽ പ്രദേശിലെ പാട്യാൽകർ ഗ്രാമം ഒന്നടങ്കം വിതുമ്പി. രാജ്യത്തിന്റെ വീരപുത്രനായി മടങ്ങുന്ന മകന് സ്യാലിന്റെ മാതാപിതാക്കളും കണ്ണീരോടെ അഭിവാദ്യം അർപ്പിച്ചു.
ദുബായ് എയർ ഷോയിലെ വ്യോമാഭ്യാസത്തിനിടെ തേജസ് യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ സ്യാലിന് വികാരനിർഭരമായ യാത്രഅയപ്പാണ് ഇന്നലെ രാജ്യം നൽകിയത്. ഭാരത് മാതാ കി ജയ് വിളികൾക്കിടെ ഭൗതിക ദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ധീരതയുടെയും സമർപ്പണത്തിന്റെയും പ്രതീകമായ സ്യാലിന് ആദരമർപ്പിക്കാൻ പ്രദേശവാസികളും സഹപാഠികളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തി.
ദുബായിൽ നിന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂർ വ്യോമസേനാ സ്റ്റേഷനിലേക്കാണ് മൃതദേഹം ആദ്യമെത്തിച്ചത്. സ്യാൽ പ്രവർത്തിച്ചിരുന്ന സുലൂരിലെ വ്യോമതാവളത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥരും അധികൃതരും ഭൗതികദേഹം ഏറ്രുവാങ്ങി. കോയമ്പത്തൂർ ജില്ലാ കളക്ടർ പവൻകുമാർ ജി. ഗിരിയപ്പനവറും വ്യോമസേനാ ഉദ്യോഗസ്ഥരും ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് മൃതദേഹം പട്യാൽകറിലെത്തിച്ചു.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഉൾപ്പെടെ അനുശോചനം രേഖപ്പെടുത്തി. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ന് അൽ മഖ്തൂം വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം.