ഹിസ്ബുള്ളയുടെ സൈനിക തലവൻ കൊല്ലപ്പെട്ടു

Monday 24 November 2025 12:52 AM IST

ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ സൈനിക വിഭാഗം മേധാവി അലി തബ്‌തബായിയെ വധിച്ചെന്ന് ഇസ്രയേൽ അറിയിച്ചു. ഇന്നലെ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കൻ പ്രദേശത്തുള്ള ഒരു കെട്ടിടത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടെന്നാണ് വിവരം. 25 പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും തകർന്നു. ശനിയാഴ്ച തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു.