അനുനയിപ്പിക്കൽ, ഭീഷണി... മത്സരചിത്രം ഇന്ന് തെളിയും
തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയത്തിന് മുമ്പ് വിമതരെയും അപരന്മാരെയും വരുതിയിലാക്കാനുള്ള നെട്ടോട്ടത്തിലാണ് മൂന്ന് മുന്നണികളും. വാഗ്ദാനങ്ങളുണ്ട് , അത് ഫലിക്കാത്തിടത്ത് ഭീഷണിയും. ഇന്ന് വൈകിട്ട് മൂന്നിനാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി. ഭീഷണിയുടെ കാര്യത്തിൽ സി.പി.എമ്മാണ് പലേടത്തും പ്രതിക്കൂട്ടിൽ.കണ്ണൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് സി.പി.എമ്മിനെതിരെ പരാതി ഉയർന്നിട്ടുള്ളത്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിക്കാൻ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ആന്തൂർ, മലപ്പട്ടം , പത്തനംതിട്ട ജില്ലയിലെ തിരുവല്ല , പാലക്കാട് ജില്ലയിലെ അഗളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളെ സി.പി.എം ഭീഷണിപ്പെടുത്തിയതായി ആരോപണം. ആന്തൂരിൽ സി.പി.എം ഭീഷണി മൂലം നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. തങ്ങളുടെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തിയതിനെതിരെ കണ്ണൂർ ഡി.സി.സി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ സി.പി.എം ഭീഷണി മൂലം പത്രിക സമർപ്പിക്കാനായില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ജവാൻ റം ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ മദ്യ നിർമ്മാണ ശാലയായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലെ താത്കാലിക ജീവനക്കാരി ആശമോൾക്കെതിരെയും സി.പി.എം ഭീഷണി മുഴക്കി. ബ്ളോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് ആശമോൾ. സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ ആശമോൾ ഉൾപ്പെടെ 27 പേരുടെ ജോലി നഷ്ടമാവുമെന്നാണ് ഭീഷണി.
കോർപ്പറേഷനുകളുൾപ്പെടെ പല ജില്ലകളിലും അപരന്മാരുടെ സാന്നിദ്ധ്യം മൂന്ന് മുന്നണികൾക്കും തലവേദനയാണ്. അപരന്മാരെ പിൻവലിപ്പിക്കാൻ അനുനയവും അത് വിലപ്പോയില്ലെങ്കിൽ ഭീഷണിയും എന്നതാണ് തന്ത്രം. ഇക്കാര്യത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ്. മൊത്തം ഒരു ലക്ഷത്തിനടുത്ത് നാമനിർദ്ദേശ പത്രികകളുണ്ട് . ഭീഷണിയും അനുനയിപ്പിക്കലുമൊക്കെയായി എത്ര പേർ പിന്മാറുമെന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാം.
സി.പി.എമ്മിന്റെ ആഘോഷം ഗുണ്ടായിസം: സതീശൻ
ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുൻപേ കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിർ സ്ഥാനാർത്ഥികളെയോ എതിർ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത പാർട്ടിയുടെ കാടത്തമാണ് സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ സി.പി.എം ക്രിമിനലുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളാകാൻ തയാറായവരെ ഭീഷണിപ്പെടുത്തി. പഞ്ചായത്തിലും സ്വന്തം വാർഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി ഗോവിന്ദനുമാണ് ഫാസിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നത്. ബംഗാളിലും ത്രിപുരയിലും ഇതിനേക്കാൾ വിലയ പാർട്ടി ഗ്രാമങ്ങളുണ്ടായിരുന്നത് സി.പി.എം മറക്കരുതെന്നും സതീശൻ പറഞ്ഞു.