വിരമിച്ചശേഷം പദവികൾ സ്വീകരിക്കില്ല:ജസ്റ്റിസ് ഗവായ്
ന്യൂഡൽഹി: സമ്മർദ്ദത്തിന് അടിപ്പെടാതെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി പ്രവർത്തിച്ചതെന്നും വിരമിച്ചശേഷം ഒരു പദവിയും സ്വീകരിക്കില്ലെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് .ഡൽഹിയിൽ തുടരുമെന്നും ആദിവാസികൾക്കായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
രാഷ്ട്രപതിയുടെ റഫറൻസിലെ ഭരണഘടനാ ബെഞ്ച് ഉത്തരവ് പരാമർശിക്കവെ, രാഷ്ട്രപതിക്കോ ഗവർണർമാർക്കോ സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു. കാരണം ഭരണഘടനയിൽ വാക്കുകൾ ചേർക്കാൻ കോടതിക്ക് അധികാരമില്ല.
സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമൊഴിയുന്ന ദിവസം മാദ്ധ്യമ പ്രവർത്തകരുമായി ഡൽഹിയിലെ വസതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018- 19കാലയളവിൽ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗത്വം സ്വീകരിച്ചിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന പി.സദാശിവം കേരള ഗവർണർ പദവിയും സ്വീകരിച്ചിരുന്നു. ഈ പ്രവണത അഭികാമ്യമല്ലെന്ന വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ഗവായ് നിലപാട് വ്യക്തമാക്കിയത്.
തന്റെ കാലയളവിൽ വനിതാ ജഡ്ജിയെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്യാൻ കഴിയാത്തതിൽ വിഷമുണ്ട്. വനിതാ ജഡ്ജി നിയമനത്തിൽ കൊളീജിയത്തിന് സമവായത്തിലെത്താൻ കഴിഞ്ഞില്ല. ജസ്റ്റിസ് വിപുൽ പഞ്ചോളിയെ സുപ്രീം കോടതിയിലേക്ക് ഉയർത്താനുള്ള നിർദ്ദേശത്തിന് കൊളീജിയം അംഗം ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജിപ്പ് പ്രകടിപ്പിച്ചത് പുതിയ കാര്യമല്ല. ആ വിയോജിപ്പിൽ കഴമ്പുണ്ടായിരുന്നെങ്കിൽ മറ്റ് നാല് ജഡ്‌ജിമാർ അതിനെ പിന്തുണയ്ക്കുമായിരുന്നു.
ഇംപീച്ച്മെന്റ് നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിഷയം ഇപ്പോൾ ലോക്‌സഭാ അന്വേഷണ സമിതിയുടെ മുമ്പാകെയാണെന്ന് ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറി. ഒരു അഭിഭാഷകൻ തനിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ചത് ക്ഷമിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന് കീഴിൽ പുറപ്പെടുവിച്ച ക്രീമിലെയർ വിധി നിയമമാകണമോ എന്ന ചോദ്യത്തിന് ചീഫ് സെക്രട്ടറിയുടെയും കർഷകത്തൊഴിലാളിയുടെയും മക്കളെ താരതമ്യം ചെയ്യാൻ ചെയ്യാൻ കഴിയാത്തതു പോലെയാണ് സംവരണത്തിലെ തുല്ല്യത കൈകാര്യം ചെയ്യേണ്ടതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. പിന്നാക്കം നിൽക്കുന്നവരെ സമത്വത്തിലേക്ക് കൊണ്ടുവരാനാണ് സംവരണം.