ഐ.എം.വിജയൻ സ്പോർട്സ് കോംപ്ലക്സ് തലവേദന..! പ്ലീസ്...ഏറ്റെടുക്കാമോ..?

Monday 24 November 2025 12:59 AM IST

തൃശൂർ: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ടും ഐ.എം.വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ് ഏറ്റെടുക്കാതെ സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും കോർപറേഷനും. ഒന്നാംഘട്ടം പൂർത്തിയാക്കി ഈ മാസം മൂന്നിന് കായികമന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്‌തെങ്കിലും ഏറ്റെടുക്കൽ നടന്നില്ല. സെക്യൂരിറ്റി സംവിധാനവും മറ്റും ഇല്ലാത്തതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടേക്ക് അതിക്രമിച്ച് കയറുന്നുണ്ട്. കോംപ്ലക്‌സിൽ മൂന്ന് കവാടങ്ങളാണുള്ളത്, പ്രധാന ഗേറ്റും സ്വിമ്മിംഗ് പൂളിലേക്ക് രണ്ട് ഗേറ്റും. ഇതെല്ലാം ചാടിക്കടന്നാണ് കുട്ടികൾ ഉൾപ്പെടെ എത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് കുട്ടികളെ കരാറുകാർ സ്വമ്മിംഗ് പൂളിൽ നിന്നും പിടികൂടി. ഒന്നര മുതൽ രണ്ട് മീറ്ററോളം ആഴമുള്ള കുളത്തിലേക്ക് ചെറിയ കുട്ടികൾ ഇറങ്ങുന്നത് അപകടം വരുത്തുമെന്നാണ് ആശങ്ക.

കോംപ്ലക്‌സ് ഏറ്റെടുക്കാത്തത് കരാറുകാർക്കും തലവേദനയാകുന്നുണ്ട്. നിർമ്മാണം പൂർത്തിയായി ഒരാഴ്ചയ്ക്കകം ഏറ്റെടുക്കാമെന്ന ധാരണ പാലിക്കാത്തതിനാൽ നീന്തൽകുളത്തിന്റെ ക്ലോറിനേഷൻ, വെള്ളംമാറ്റുന്ന പ്രവൃത്തി എന്നിവയെല്ലാം കരാറുകാരുടെ ചുമതലയായി. കോംപ്ലക്‌സിലെ പുൽത്തകിടികൾ നിലനിറുത്തുന്നതിനും ചെലവേറെയുണ്ട്.

കോംപ്ലക്‌സിന് സ്ഥലം വിട്ടുനൽകിയത് കോർപറേഷനാണെങ്കിലും പദ്ധതി നടത്തിപ്പും മേൽനോട്ടവും സംസ്ഥാന കായിക വകുപ്പിനാണ്. കോർപറേഷന്റെയും കായിക വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള കോംപ്ലക്‌സിന്റെ നടത്തിപ്പ് പ്രത്യേക കമ്മിറ്റിയെയോ സൊസൈറ്റിയെയോ ചുമതലപ്പെടുത്താമെന്നായിരുന്നു ധാരണയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പാണ് തടസമായത്.

കോംപ്ലക്‌സിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ ലിമിറ്റഡ് (കിറ്റ്‌കോ) ആണ്. ആദ്യഘട്ട നിർമ്മാണച്ചെലവ് ഏകദേശം 69 കോടിയായിരുന്നു. 70.56 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതിൽ 56.01 കോടി കിഫ്ബി ഗ്രാന്റായാണ് അനുവദിച്ചത്.

ആദ്യഘട്ടത്തിൽ പൂർത്തിയായത്

1. ഇൻഡോർ സ്റ്റേഡിയം: 5,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ ബാസ്‌കറ്റ്ബാൾ, വോളിബാൾ, ബാഡ്മിന്റൺ, ഹാൻഡ്ബാൾ തുടങ്ങിയ ഗെയിമുകൾ കളിക്കാനാകും.

2. ഫുട്ബാൾ ടർഫ്: ഫിഫ നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്ബാൾ ഗ്രൗണ്ട്. 3. അക്രിലിക് ടെന്നീസ് കോർട്ട്: അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ നിലവാരത്തിലുള്ള ടെന്നീസ് കോർട്ട്. 4. അക്വാട്ടിക്‌സ് കോംപ്ലക്‌സ്: നീന്തൽ പരിശീലനത്തിനായുള്ള പ്രാക്ടീസ് പൂൾ. 5. അനുബന്ധ സൗകര്യങ്ങൾ: ജിംനേഷ്യം, കളിക്കാർക്കും വി.ഐ.പികൾക്കുമായുള്ള മുറികൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പവലിയൻ, വൈദ്യസഹായകേന്ദ്രം തുടങ്ങിയവ.

രണ്ടാംഘട്ടത്തിൽ

1. ഹോക്കി ഗ്രൗണ്ട്.

2. താമസസൗകര്യം.