ജി.സുധാകരനെ മന്ത്രി സജി ആശുപത്രിയിൽ സന്ദർശിച്ചു

Monday 24 November 2025 1:01 AM IST

മാന്നാർ: ശുചിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റ് പരുമല ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രി ജി.സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ജി.സുധാകരനെ ഇന്നലെ രാവിലെയാണ് മന്ത്രി സജി ചെറിയാൻ കാണാനെത്തിയത്.

ശനിയാഴ്ച രാവിലെ കുളിമുറിയിൽ വഴുതി വീണ് കാലിന് പരുക്കേറ്റതിനെ തുടർന്ന് ആലപ്പുഴയിലെ സാഗര ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാലാണ് വിദഗ്ദ്ധ ചികിത്സയ്‌ക്കായി ജി.സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം രാവിലെയാണ് റൂമിലേക്ക് മാറ്റിയിരുന്നു.മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി.പുളിക്കൽ, പരുമല ആശുപത്രി സി.ഇ.ഒ ഫാ.എം.സി പൗലോസ്, മാന്നാർ ടൗൺ എൽ.ഡി.എഫ് സ്ഥാനാർത്ഥി സുരയ്യ ബഷീർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. മാത്യു വർഗീസിനോടും ജി.സുധാകരന്റെ ഭാര്യയോടും വിവരങ്ങൾ തിരക്കിയ സജി ചെറിയാൻ പതിനഞ്ച് മിനിറ്റോളം ആശുപത്രിയിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. തുടർചികിത്സ ആവശ്യമായതിനാൽ ജി.സുധാകരന് രണ്ട് മാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.