ഡൽഹി സ്‌ഫോടനം: ആക്രമണങ്ങൾക്ക് ഭീകരർ പിരിച്ചത് 26 ലക്ഷം രൂപ
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ കാർ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളായ ഡോക്ടർമാർ ഇന്ത്യയിലെ നഗരങ്ങളിൽ ഭീകരാക്രമം നടത്താനായി സമാഹരിച്ചത് 26 ലക്ഷം രൂപ. പ്രധാന പ്രതികളിലൊരാളായ മുസമ്മിൽ ഗനായിയാണ് എൻ.ഐ.എയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗനായി അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. അദീൽ അഹമ്മത് റാത്തറും സഹോദരൻ മുസാഫർ അമ്മദ് റാത്തറും യഥാക്രമം എട്ട് ലക്ഷവും ആറു ലക്ഷവും നൽകിയെന്നും സൂചനയുണ്ട്. പൊട്ടിത്തെറിച്ച കാറോടിച്ച ഡോ. ഉമർ നബി രണ്ട് ലക്ഷം നൽകി. പണം കൈകാര്യം ചെയ്തത് ഉമറാണ്. ബോംബ് നിർമ്മാണമുൾപ്പെടെയുള്ള സാങ്കേതിക കാര്യങ്ങളുടെ മേൽനോട്ടവും ഉമറിനായിരുന്നു. കേസിലുൾപ്പെട്ട ഡോക്ടർമാർ റഷ്യൻ ആയുധം വാങ്ങിയെന്നും റിപ്പോർട്ടുണ്ട്. അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനായി, ഡോ. ഷഹീൻ സയീദ്, ഡോ. അദീൽ റാത്തർ, അമീർ എന്നിവരുമായി ബന്ധപ്പെട്ട് ആയുധ ശേഖരണത്തിനും സ്‌ഫോടകവസ്തു നിർമ്മിക്കുന്നതിനും വൻ ശൃംഖലയുണ്ടായിരുന്നു. അദീൽ റാത്തറിന്റെ സഹോദരൻ മുസഫാറും ശൃംഖലയുടെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. ഇയാൾ അഫ്ഗാനിസ്ഥാനിലാണെന്നാണ് സൂചന. ഉമർ, ഗനായി, ഷഹീൻ എന്നിവർക്കൊപ്പം ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്തിരുന്ന നിസാർ ഉൽ ഹസ്സനെയും എൻ.ഐ.എ തെരയുന്നുണ്ട്.
ഉമറിന് മറ്റ് ഭീകരവാദ സംഘങ്ങളുമായി ബന്ധം
ഡോ. ഷഹീനുമായി ബന്ധമുള്ള ഒരാൾ വഴി മുസമ്മിൽ 5 ലക്ഷം രൂപയ്ക്ക് റഷ്യൻ അസോൾട്ട് റൈഫിൾ വാങ്ങിയിരുന്നു. ഇത് ഡോ. അദീലിന്റെ ലോക്കറിൽ നിന്ന് കണ്ടെത്തിയിരുന്നു. ഐ.ഇ.ഡികൾ നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ സൂക്ഷിക്കാൻ ഭീകരസംഘം ഫ്രീസറുകളും വാങ്ങിയിരുന്നു. പണം സമാഹരിക്കുന്നതിനും ആയുധം വാങ്ങുന്നതിനും ഷഹീൻ തന്റെ ഭീകര ബന്ധങ്ങൾ ഉപയോഗിച്ചിരുന്നു. കാശ്മീരിലെ ഖ്വാസിഗുണ്ടിൽ ഒക്ടോബർ 18ന് ഉമർ നബി മറ്റ് ഭീകര ഗ്രൂപ്പുകളുമായി ചർച്ച നടത്തിയെന്നും എൻ.ഐ.എ കണ്ടെത്തൽ.