പക്ഷിപ്പനി: യു.എസിൽ മരണം
Monday 24 November 2025 7:21 AM IST
വാഷിംഗ്ടൺ: യു.എസിലെ വാഷിംഗ്ടൺ സംസ്ഥാനത്ത് എച്ച് 5 എൻ 5 പക്ഷിപ്പനി സ്ഥിരീകരിച്ചയാൾ മരിച്ചു. മനുഷ്യരിൽ എച്ച് 5 എൻ 5 വകഭേദം സ്ഥിരീകരിക്കുന്നതും മരണം സംഭവിക്കുന്നതും ആദ്യമാണ്. ഗ്രേ ഹാർബർ കൗണ്ടി സ്വദേശിയായ വയോധികനാണ് മരിച്ചത്. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. വളർത്തുകോഴികളിൽ നിന്നാകാം രോഗം പടർന്നതെന്ന് കരുതുന്നത്. പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. അതേ സമയം, 2024ലും ഇക്കൊല്ലവുമായി 70 പേർക്കാണ് യു.എസിൽ എച്ച് 5 എൻ 1 വകഭേദത്തിലെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കണ്ടുവരുന്ന എച്ച് 5 എൻ 1 പക്ഷിപ്പനി മനുഷ്യരിൽ പടരുന്നത് ആരോഗ്യ വിദഗ്ദ്ധർ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്.