കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു,​ നഗരസഭ മുൻ കൗൺസിലറും മകനും പൊലീ‌സ് പിടിയിൽ

Monday 24 November 2025 8:28 AM IST

കോട്ടയം: മാണിക്കുന്നത്ത് സംഘർഷത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിന്റെ വീടിന് മുന്നിൽ കുത്തേറ്റ് മരിച്ചത്. കോൺഗ്രസ് നേതാവാണ് അനിൽകുമാർ. ഇത്തവണ സീറ്റ് ലഭിക്കാത്തതിനാൽ എൽഡിഎഫിലേക്ക് പോകാൻ ശ്രമിച്ചിരുന്നു എന്ന് വിവരമുണ്ട്. സംഭവത്തിൽ അനിൽകുമാറിനെയും മകൻ അഭിജിത്തിനെയും പൊലീസ് കസ്റ്റ‌ഡിയിലെടുത്തു. ഞായറാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം.

പിടിയിലായ അഭിജിത്തും മരിച്ച ആദർശും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും ലഹരിക്കേസുകളിൽ പ്രതികളുമാണ്. കഴിഞ്ഞദിവസം ആദർശ് സുഹൃത്തുക്കളുമായി അഭിജിത്തിന്റെ വീട്ടുമുറ്റത്ത് എത്തി സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ ബഹളമുണ്ടാക്കി. ഇതിനിടെ അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ ആദർശ് ബോധരഹിതനായി. ഇയാളെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. അഭിജിത്തിനെതിരെ മുൻപും സാമ്പത്തിക ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വ്യക്തത വരാനുണ്ട്. സംശയത്തിന്റെ ബലത്തിൽ അനിൽ കുമാറിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.