ബിരുദമുളളവർ അധികം വൈകിപ്പിക്കേണ്ട; ഒരുലക്ഷത്തിനുമുകളിൽ ശമ്പളം വാങ്ങാം, അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രം
ബാങ്കിംഗ് മേഖലകളിൽ താൽപര്യമുളള ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന ശമ്പളമുളള ജോലി നേടാൻ സുവർണാവസരം വന്നു. സർക്കാർ കമ്പനിയായ 'എക്സ്‌പോർട്ട് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിൽ' (ഇസിജിസി) പ്രൊബേഷണറി ഓഫീസർ തസ്തികയിലാണ് നിയമനം. ജനറലിസ്റ്റ്, സ്പെഷ്യലിസ്റ്റ് എന്നീ വിഭാഗങ്ങളിലാണ് അവസരം. 40 ഒഴിവുകളാണുള്ളത്.
താൽപര്യമുളളവർക്ക് ഇസിജിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (ecgc.inhttp://ecgc.in) പ്രവേശിച്ച് ഡിസംബർ രണ്ടുവരെ അപേക്ഷിക്കാനാകും. എസ്‌സി, എസ്‌ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസശമ്പളമായി 88,635 മുതൽ 1,13,395 രൂപവരെ ലഭിക്കും. ജനറലിസ്റ്റ് പ്രൊബേഷണറി ഓഫീസർ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. സ്പെഷ്യലിസ്റ്റ് പ്രൊബേഷണറി ഓഫീസർ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഹിന്ദിയിൽ ബിരുദാനന്തരബിരുദവും നേടിയിരിക്കണം.
21നും 30നും ഇടയിൽ പ്രായമുളളവർക്കാണ് അവസരം. എസ് സി, എസ് ടി, ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിലും ഇളവുകളുണ്ട്. ഓൺലൈൻ പരീക്ഷയിലുടെയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. 200 മാർക്കിനായിരിക്കും പരീക്ഷ. യോഗ്യത നേടുന്നവർക്ക് അഭിമുഖം ഉണ്ടായിരിക്കും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 800 രൂപ മുതൽ 1000 രൂപ വരെയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്ടി, വികലാംഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാഫീസിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം. ഫീസ് അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ അപേക്ഷ നിരസിക്കപ്പെടും.