പാക് അർദ്ധസൈനിക കേന്ദ്രത്തിൽ ചാവേർ ആക്രമണം; കമാൻഡോകൾ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു
Monday 24 November 2025 10:50 AM IST
ഇസ്ലാമാബാദ്: പെഷവാറിൽ പാകിസ്ഥാൻ അർദ്ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം നടന്നതായി വിവരം. ആയുധധാരികളായ അജ്ഞാതരാണ് ആക്രമണം നടത്തിയതെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് കമാൻഡോകളും മൂന്ന് അക്രമികളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. അർദ്ധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോൺസ്റ്റാബുലറി (എഫ്‌സി) ആസ്ഥാനത്ത് നിലവിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ആദ്യം എഫ്‌സിയുടെ കെട്ടിടത്തിന്റെ പ്രധാന ഗേറ്റിൽ രണ്ട് സ്‌ഫോടനങ്ങൾ ഉണ്ടായി. ഇതിലാണ് മൂന്ന് എഫ്‌സി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. തുടർന്ന് ആയുധധാരികൾ ഉള്ളിലേക്ക് ഇടിച്ചുകയറി ഉദ്യോഗസ്ഥർക്ക് നെരെ വെടിയുതിർത്തു. എഫ്‌സി കമാന്റോകളും പൊലീസും ചേർന്ന് ഉടൻതന്നെ മൂന്ന് അക്രമികളെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.