എംഡിഎംഎ വാങ്ങിയിട്ട് പണം കൊടുത്തില്ല; ആദർശ് പാതിരാത്രി അഭിജിത്തിന്റെ വീട്ടിലെത്തി, ഒടുവിൽ കൊലപാതകം
കോട്ടയം: മാണിക്കുന്നത്ത് 23കാരനായ ആദർശിനെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭാ മുൻ കൗൺസിലർ അനിൽകുമാറിനെയും മകൻ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദർശും അഭിജിത്തും തമ്മിൽ ലഹരി ഇടപാടുകൾ നടന്നിരുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു.
ആദർശിന്റെ കൈയിൽ നിന്ന് അഭിജിത്ത് എംഡിഎംഎ വാങ്ങിയിരുന്നുവെങ്കിലും പണം നൽകിയിരുന്നില്ല. ഇതോടെ പുതുപ്പള്ളി സ്വദേശിയായ ആദർശ് മാണിക്കുന്നത്തുള്ള അനില്‍കുമാറിന്റെ വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. വാക്കുതർക്കം കയ്യാങ്കളിയായതോടെ അനില്‍കുമാറും അഭിജിത്തും ചേര്‍ന്ന് ആദര്‍ശിനെ കൊലപ്പെടുത്തുകയായിരുന്നു. അഭിജിത്താണ് യുവാവിനെ കൊന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൃത്യം നടത്തിയതിനുശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് രണ്ടുപേരെയും പിടികൂടിയത്. ഇവരെ കോട്ടയം വെസ്റ്റ് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, അഭിജിത്തും ആദർശും നേരത്തെയും ലഹരിക്കേസുകളിൽ പ്രതികളായിട്ടുണ്ട്. അഭിജിത്ത് ഒരു മോഷണക്കേസിലെയും നാല് ലഹരിക്കേസിലെയും പ്രതിയാണ്. മരിച്ച ആദർശ് രണ്ട് ലഹരി കേസുകളിലെ പ്രതിയാണ്. കോട്ടയം നഗരസഭയിലെ കോൺഗ്രസിന്റെ മുന്‍ കൗണ്‍സിലറാണ് അനില്‍കുമാര്‍. ഇപ്രാവശ്യം കോണ്‍ഗ്രസില്‍ നിന്ന് മാറി എല്‍ഡിഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനില്‍കുമാര്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. സിപിഎം ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് നീക്കം വിജയിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.