ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് തൂക്കുകയർ
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ മുതുത്തോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെയാണ് കാമുകനും വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. 2021 ജൂലായ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒന്നാം പ്രതി പ്രബീഷും രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനിയും കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂര കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.