'സിംഹത്തിന്റെ ശക്തിയുള്ള സെന്യാർ വരുന്നു'; പുതിയ ചുഴലിക്കാറ്റിൽ ജാഗ്രതാ മുന്നറിയിപ്പ്
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). അടുത്ത ദിവസങ്ങളിൽ ഇത് ചുഴലിക്കാറ്റായി രൂപപ്പെടാൻ സാദ്ധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
'മലാക്ക കടലിടുക്കിന്റെ മദ്ധ്യഭാഗത്തെ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ മലാക്ക കടലിടുക്കിനും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിനും മുകളിലായി നവംബർ 22ന് ന്യൂനമർദ്ദം രൂപപ്പെട്ടു. നവംബർ 24 ഓടെ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറേയ്ക്ക് നീങ്ങാനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്പെടാനും സാദ്ധ്യതയുണ്ട്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറേയ്ക്ക് നീങ്ങുന്നത് തുടരുന്നതിനാൽ തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കൂടുതൽ ശക്തിപ്പെടാൻ സാദ്ധ്യതയുണ്ട്'- എന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. നവംബർ 25 ഓടെ കൊമോറിൻ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്ക എന്നിവിടങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതായും ഐഎംഡി സൂചന നൽകുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ അതിന് 'സെന്യാർ' എന്ന പേരായിരിക്കും നൽകുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സിംഹം എന്നർത്ഥമുള്ള പേര് യുഎഇയുടെ സംഭാവനയാണ്. ഐഎംഡിയുടെ മാനദണ്ഡങ്ങൾ പ്രകാരം ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമ്പോൾ മാത്രമാണ് അതിന് ഔദ്യോഗികമായി പേര് നൽകുക.
ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാൽ നവംബർ 25 വരെ ആൻഡമാൻ കടലിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനുള്ള മുന്നറിയിപ്പ് നവംബർ 28 വരെ നീട്ടിയിട്ടുണ്ട്.