പുകവലിക്കാനെന്ന് പറഞ്ഞ് കാബിൻ ക്രൂവിനെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 60കാരനായ പൈലറ്റിനെതിരെ കേസ്
ബംഗളൂരു: പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുപോയി 26കാരിയെ പീഡിപ്പിച്ച പൈലറ്റിനെതിരെ കേസ്. സ്വകാര്യ വ്യോമയാന കമ്പനിയിലെ പൈലറ്റായ 60കാരൻ രോഹിത് ശരണിനെതിരെയാണ് യുവതി പരാതി നൽകിയത്. ഇക്കഴിഞ്ഞ 18നായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഹൈദരാബാദിലെ ബീഗംപേട്ടിൽ നിന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ എത്തിയ ചാർട്ടേഡ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് രോഹിത് ശരൺ, സഹപ്രവർത്തകനോടും പരാതിക്കാരിയോടുമൊപ്പം ബംഗളൂരുവിലെ എംജി റോഡിലുള്ള ഹോട്ടലിൽ താമസിക്കുകയായിരുന്നു. നവംബർ 19ന് സംഘം പുട്ടപർത്തിയിലേക്ക് തിരിച്ചുപോകേണ്ടിയിരുന്നു. അതിനായി വിശ്രമിക്കാനാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്.
പുകവലിക്കാനായി പുറത്തേക്ക് പോകാമെന്ന് പറഞ്ഞ രോഹിത് ശരൺ യുവതിയെ മുറിക്കകത്തേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. മുറിയിൽ കയറിയ ശേഷം വാതിൽ അടയ്ക്കുകയും തന്റെ അനുവാദമില്ലാതെ കടന്നു പിടിക്കുകയുമായിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. പ്രതിയെ ശക്തമായി തള്ളിമാറ്റിയാണ് മുറിയിൽ നിന്ന് രക്ഷപ്പെട്ടതെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.
നവംബർ 20ന് ഹൈദരാബാദിൽ തിരിച്ചെത്തിയ ഉടൻ തന്നെ പരാതിക്കാരി വ്യോമയാന കമ്പനിയുടെ മാനേജ്‌മെന്റിനെ സമീപിക്കുകയും ബീഗംപേട്ട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർ നടപടികൾക്കായി ബംഗളൂരു സിറ്റിയിലെ ഹലസൂരു പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.