പഞ്ചാബിൽ നിന്ന് സിനിമാ മോഹവുമായി ബോംബെയിലേക്ക്; വെള്ളിത്തിരയിലെത്തിയത് കഠിന പ്രയത്നത്തിനൊടുവിൽ

Monday 24 November 2025 2:14 PM IST

90-ാം ജന്മദിനത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് വിഖ്യാത നടൻ ധർമേന്ദ്ര അന്തരിച്ചത്. ഹിന്ദി സിനിമയുടെ സുവർണ്ണ കാലഘട്ടങ്ങൾ കണ്ടു വളർന്ന സിനിമാ പ്രേമികൾക്ക് ധർമേന്ദ്ര വെറുമൊരു നടനായിരുന്നില്ല. ഒരു തലമുറയുടെ മുഴുവൻ ഹൃദയമിടിപ്പായിരുന്നു അദ്ദേഹം. എപ്പോഴും ചുണ്ടിലുണ്ടാകുന്ന പുഞ്ചിരി, മൃദുലമായ ശബ്ദം ഇതൊക്കെയായിരുന്നു അദ്ദേഹത്തെ പ്രേക്ഷകർ നെഞ്ചേറ്റാനുള്ള കാരണം. ആരാധകരെ സംബന്ധിച്ച് സ്‌ക്രീനിൽ കണ്ട ഒരാൾ മാത്രമായിരുന്നില്ല ധർമേന്ദ്ര. കുടുംബത്തിലെ ഒരംഗമായിട്ടാണ് അവർ അദ്ദേഹത്തെ കണ്ടിരുന്നത്.

പഞ്ചാബിന്റെ ഹൃദയഭൂമിയിൽ നിന്ന് ബോംബെയുടെ സ്വപ്നത്തിലേക്ക്

പഞ്ചാബ് ലുധിയാനയ്ക്കടുത്തുള്ള സഹ്‌നെവാളിൽ ജനിച്ച ധർമേന്ദ്രയ്ക്ക് തന്റെ നാട് ഏറെ പ്രിയപ്പെട്ടതായിരുന്നു. അവിടെ നിന്ന് സിനിമ സ്വപ്നവുമായിട്ടാണ് ബോംബെയിൽ എത്തിയത്. അദ്ദേഹം ഒരു സിനിമാ കുടുംബത്തിൽ നിന്നുള്ളയാളല്ല. മാത്രമല്ല സിനിമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കഠിന പ്രയത്നത്തിനൊടുവിലാണ് വെള്ളിത്തിരയിലെത്തിയത്.

1960ൽ 'ദിൽ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര സിനിമയിൽ തുടക്കം കുറിച്ചത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ തിളങ്ങാനായില്ല. തുടർന്ന് നിരവധി ചിത്രങ്ങളിൽ ക്യാരക്ടർ റോളുകൾ ചെയ്ത് പതിയെപ്പതിയെ നായക റോളുകളിലേക്കെത്തി. 1966ൽ പുറത്തിറങ്ങിയ 'ഫൂൽ ഔർ പത്തർ' എന്ന ചിത്രമാണ് ധർമേന്ദ്രയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

സിനിമയിൽ എത്തുന്നതിനു മുൻപ് ധർമേന്ദ്ര, പ്രകാശ് കൗറിനെ വിവാഹം കഴിച്ചു. 1954ലായിരുന്നു വിവാഹം. ദമ്പതികൾക്ക് സണ്ണി, ബോബി, വിജയത, അജിത എന്നീ നാല് കുട്ടികളുണ്ടായി. വർഷങ്ങൾക്ക് ശേഷം, 1970ൽ, 'തും ഹസീൻ മേം ജവാൻ' എന്ന സിനിമയുടെ സെറ്റിൽ ധർമ്മേന്ദ്ര നടി ഹേമ മാലിനിയെ കണ്ടുമുട്ടിയത്. അവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

രാജാ ജാനി തുടങ്ങി നിരവധി സിനിമകളിൽ അവർ ഒരുമിച്ചെത്തി. ഈ ബന്ധം അധികം വൈകാതെ തന്നെ പ്രണയത്തിൽ കലാശിച്ചു. 1980 മേയ് രണ്ടിന് ഇരുവരും വിവാഹിതരായി. ഇഷ, അഹാന ഡിയോൾ എന്നീ പെൺമക്കളാണ് ദമ്പതികൾക്കുള്ളത്.