ഈ പുട്ട് വായിലിട്ടാൽ അലിഞ്ഞുപോകും; കറി വേണ്ട, ചൂടോടെ ആസ്വദിച്ച് കഴിക്കാം
കേരളത്തിന്റെ തനതായ പ്രഭാത ഭക്ഷണവിഭവമാണ് പുട്ട്. ഗോതമ്പ് പുട്ട്, അരിപ്പുട്ട്, ചോളം പുട്ട്, റവ പുട്ട്, റാഗി പുട്ട് എന്നിങ്ങനെ വിവിധ തരത്തിലെ പുട്ട് മലയാളികൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ വായിലിട്ടാൽ അലിഞ്ഞുപോകുന്നത്രയും മൃദുലമായതും മധുരമൂറുന്നതുമായ ഒരു വെറൈറ്റി പുട്ട് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി - ഒന്നര കപ്പ്
- വാഴപ്പഴം ചെറുത് - അഞ്ച്
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- ശർക്കര - ഒരു കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ഒന്നരക്കപ്പ് അരിപ്പൊടിയെടുക്കണം. അതിലേയ്ക്ക് ഒരു നുള്ള് ഉപ്പ് ചേർക്കാം. ശേഷം ചെറുചൂട് വെള്ളം അരിപ്പൊടി നനയാൻ പാകത്തിന് ഒഴിച്ചുകൊടുക്കാം. ഈസമയം പുട്ടുകുറ്റിയിൽ വെള്ളം നിറച്ച് അടുപ്പിൽ വയ്ക്കാം. ഇനി കുറ്റിയിൽ ആദ്യം തേങ്ങ ചിരകിയത് ഇട്ടുകൊടുക്കണം. മുകളിൽ അരിപ്പൊടി, പിന്നാലെ പഴം നുറുങ്ങിയത്, ശർക്കര ചിരകിയത് എന്നിങ്ങനെ മാറിമാറി ഇട്ടുകൊടുക്കാം. ആവിയിൽ വേവിച്ചെടുത്താൽ നല്ല മൃദുലമായ രുചിയേറിയ പുട്ട് തയ്യാറായി. കറിയില്ലാതെ തന്നെ ചൂടോടെ പുട്ട് കഴിക്കാം.