ക്യാരറ്റും ഈന്തപ്പഴവുമുണ്ടോ? ഇനി മിനിട്ടുകൾക്കുള്ളിൽ ആർക്കും കേക്കുണ്ടാകാം

Monday 24 November 2025 3:41 PM IST

ക്രിസ്മസ് നാളുകളാണ് ഇനി വരാൻ പോകുന്നത്. ക്രിസ്മസെന്ന് പറഞ്ഞാൽ ആദ്യം എല്ലാവർക്കും ഓർമവരുന്നത് കേക്കാണ്. പലരും ബേക്കറികളിൽ നിന്നാണ് കേക്ക് വാങ്ങുന്നത്. എന്നാൽ അമിത ചെലവില്ലാതെ വീട്ടിൽതന്നെ മിനിട്ടുകൾകൊണ്ട് കേക്ക് തയ്യാറാക്കാൻ കഴിയും. അത് എങ്ങനെയെന്ന് നോക്കിയാലോ? 800ഗ്രാം തൂക്കം വരുന്ന ഈ കേക്ക് ഉണ്ടാക്കാൻ ക്യാരറ്റും ഈന്തപ്പഴവുമാണ് പ്രധാനമായും വേണ്ടത്.

ആവശ്യമായ സാധനങ്ങൾ

  1. ക്യാരറ്റ് - നാല്
  2. ഈന്തപ്പഴം
  3. വെണ്ണ
  4. മെെദ
  5. പഞ്ചസാര
  6. മുട്ട
  7. വാനില എസൻസ്
  8. സൺഫ്ലവർ ഓയിൽ

തയ്യാറാക്കുന്ന വിധം

ആദ്യം നാല് ക്യാരറ്റ് തൊലികളഞ്ഞ് ചിരകി എടുക്കുക. ശേഷം തുണി ഉപയോഗിച്ച് ഈ ക്യാരറ്റിലെ മുഴുവൻ നീരും കളയണം. ഇനി 200ഗ്രാം ഈന്തപ്പഴം എടുത്ത് കുരുകളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇതിൽ കുറച്ച് മെെദ പുരട്ടിയെടുക്കണം ( തമ്മിൽ ഒട്ടിപ്പിടിക്കാതിരിക്കാനാണ് മെെദ പുരട്ടുന്നത്). ശേഷം ഒരു വലിയ ഗ്ലാസിൽ മെെദയെടുത്ത് ഒരു പാത്രത്തിൽ ഇടുക. ഇതിലേക്ക് ഒരു ടീ‌സ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കാം. ഇനി ഇവ യോജിപ്പിച്ച് അരിപ്പയിൽ അരിച്ചെടുക്കുക. ശേഷം അരകപ്പ് പഞ്ചസാര പൊടിച്ചെടുക്കുക. ഇനി കാരമൽ കൂടി തയ്യാറാക്കണം ( ഒരു പാത്രത്തിൽ കുറച്ച് പഞ്ചസാരയെടുത്ത് ചൂടാക്കുക. ഇത് അലിയുമ്പോൾ കുറച്ച് വെള്ളം കൂടിച്ചേർത്ത് യോജിപ്പിക്കാം)​. ഈ മിശ്രിതം തണുക്കാനായി മാറ്റിവയ്ക്കുക.

ഇനി ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ ഉപ്പില്ലാത്ത വെണ്ണയും ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിലും ചേർക്കുക. ഇവ നല്ലപോലെ യോജിപ്പിച്ചശേഷം ഇതിലേക്ക് പൊടിച്ചുവച്ച് പഞ്ചാസാര ചേർത്ത് വീണ്ടും യോജിപ്പിക്കാം. ഇതിൽ രണ്ട് മുട്ട കൂടിച്ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ശേഷം കുറച്ച് വാനില എസൻസ് കൂടി ചേർക്കാം. ഇനി ഇതിലേക്ക് നേരത്തെ നീര് കളഞ്ഞുവച്ച ക്യാരറ്റ് ചേർത്ത് ഇളക്കുക. ഇത് നല്ലപോലെ യോജിപ്പിച്ച ശേഷം നേരത്തെ തയ്യാറാക്കിവച്ച മെെദ കൂടി ചേർത്ത് ഇളക്കാം. ഇതിലേക്ക് കാരമൽ കൂടി ചേർക്കുക. വീണ്ടും യോജിപ്പിച്ചശേഷം ഇതിൽ നേരത്തെ മുറിച്ചുവച്ച ഈന്തപ്പഴം കൂടി ചേർക്കാം. ശേഷം ഒരു കേക്ക് ട്രേയിൽ വെണ്ണ പുരട്ടുക. ട്രേയുടെ അടിയിൽ ബട്ടർപേപ്പർ കൂടിവച്ച് കേക്കിന്റെ മിശ്രിതം ഇതിലേക്ക് മാറ്റം. ഇത് കുക്കറിലോ ഓവനിലോ 40 -45 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. നല്ല കിടിലൻ കേക്ക് റെഡി.