തീ പിടിപ്പിച്ച് പ്രാചിയുടെ മ്യൂസിക് ആൽബം

Tuesday 25 November 2025 7:10 AM IST

തെന്നിന്ത്യൻ നടി പ്രാചി തെഹ്ലാൻ അടിമുടി ഗ്ലാമറസ് പരിവേഷത്തിലെത്തുന്ന തെലുങ്ക് റൊമാന്റിക് മെലഡി "തെനേല വനാല എന്ന മ്യൂസിക് വീഡിയോ ആൽബം സീ മ്യൂസിക് പുറത്തിറക്കി. ദൃശ്യമികവും ഹൃദയസ്പർശിയായ അവതരണവും നേടിയ വീഡിയോ ആൽബം 3ദിവസം കൊണ്ട് 6.43 മില്യൺ കാഴ്ചക്കാരെ നേടി. ഗോവ-കർണാടക അതിർത്തിയിലെ അതിമനോഹര വെള്ളച്ചാട്ടങ്ങളും, സമൃദ്ധമായ തീരപ്രദേശങ്ങളും ഒപ്പിയെടുത്തിയ ഗാനം വെറും രണ്ട് ദിവസത്തിനകം ചിത്രീകരിച്ചതാണ്.

പ്രാചിയോടൊപ്പം മനോഹരമായി ചുവടുവയ്ക്കുന്ന നിഖിൽ മാളിയക്കലിന്റെ യുവത്വം തുളുമ്പുന്ന എനർജി കാഴ്ചക്കാരെ ആനന്ദിപ്പിക്കുന്നു. ബിഗ് ബോസ് തെലുങ്ക് സീസൺ 8 വിജയി എന്ന നിലയിൽ വൻ ആരാധകവൃന്ദമാണ് നിഖിലിന് . യശ്വന്ത്കുമാർ ജീവകുന്തള സംവിധാനവും, നൃത്തസംവിധാനവും നിർവഹിച്ച് ഛായാഗ്രാഹകൻ പാലചർല സായ് കിരൺ പകർത്തിയ "തെനേല വനാല", രണ്ടു കമിതാക്കളുടെ തീവ്രാനുരാഗത്തിന്റെ കഥ ഇമ്പമാർന്ന ഗാനത്തിന്റെ അകമ്പടിയോടെ പ്രേക്ഷകരിൽ എത്തുന്നു. ഗായിക വീഹ ആലപിച്ച ഗാനത്തിന് വരികളെഴുതി , ഈണം നൽകിയത് ചരൺ അർജുനാണ്. മമ്മൂട്ടി നായകനായ മാമാങ്കത്തിലൂടെ മലയാളത്തിന് പരിചിതയാണ് പ്രാചി.