അർജുൻദാസും സാന്റിയും നായകന്മാരായി സൂപ്പർ ഹീറോ

Tuesday 25 November 2025 7:12 AM IST

തെന്നിന്ത്യയിൽ ഏറെ ആരാധകരെ നേടിയ പുത്തൻ താരോദയങ്ങളായ അർജുൻദാസും സാൻഡി മാസ്റ്ററും ഒന്നിക്കുന്നു. ഇരുവരും നായകന്മാരായി എത്തുന്ന ചിത്രത്തിന് സൂപ്പർ ഹീറോ എന്നു പേരിട്ടു. നവാഗതനായ വിഘ്നേഷ് വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ തേജു അശ്വിനിയാണ് നായിക . സോൾജിയേഴ്സ് ഫാക്ടറിയുടെ ബാനറിൽ കെ.എസ്.സിനീഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ റിഡാക്റ്റഡ് സ്റ്റുഡിയോസാണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. ക്യാമറ: സത്യ. വി,എഡിറ്റിംഗ്: ലോറൻസ് കിഷോർ. അതേസമയം മലയാളത്തിലും ഏറെ ആരാധകരാണ് അർജുൻ ദാസിനും സാൻഡി മാസ്റ്രറിനും. കാർത്തി ചിത്രം കൈദിയിലൂടെയാണ് അർജുൻ ദാസ് മലയാളി ആരാധകരുടെ ഹൃദയത്തിൽ കയറുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ടോർപ്പിഡോയിൽ ഫഹദ് ഫാസിൽ, നസ്ലിൻ, ഗണപതി എന്നിവരോടൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡാൻസ് കൊറിയോഗ്രഫറായ സാൻഡി മാസ്റ്റർ കല്യാണി പ്രിയദർശൻ ചിത്രം ലോകയിൽ പൊലീസ് വേഷത്തിൽ പ്രതിനായകനായി തിളങ്ങി. ദിലീപ് ചിത്രം ഭ.ഭ. ബയിലും അഭിനയിച്ചു.