കോടതി മുറികളിലെ ജീവിത യാഥാർത്ഥ്യം

Tuesday 25 November 2025 6:03 AM IST

രാജ്യത്ത് നീതിവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ ദുരോഗ്യം,​ നീതിനിർവഹണത്തിന് വേണ്ടിവരുന്ന കാലതാമസമാണ്. നിസാരമായൊരു സിവിൽ കേസിൽ ഉൾപ്പെട്ട്,​ ഒരു മനുഷ്യായുസു മുഴുവൻ അതിന്റെ തീർപ്പിനായി കോടതികൾ കയറിയിറങ്ങേണ്ടിവരുന്നവർ നമ്മുടെ പരിചയത്തിലുണ്ടാവും. നീതിക്കായുള്ള കാത്തിരിപ്പ്,​ ഹർജിക്കാർക്കു തന്നെ ശിക്ഷയായി മാറുന്ന ദുരവസ്ഥയാണിത്. ക്രിമിനൽ കേസുകളുടെ കാര്യത്തിൽ,​ ചെയ്തുപോയ കുറ്റകൃത്യത്തിനുള്ള ശിക്ഷയ്ക്കായി വിചാരണകാത്തു പോലും ദീർഘവർഷങ്ങൾ ജയിലിൽ കഴിയേണ്ടിവരുന്നവർക്ക് അതിലും വലിയ ശിക്ഷയുണ്ടോ?​ നീതി വൈകുന്നത് നീതിനിഷേധത്തിനു തുല്യമാണ് എന്ന അടിസ്ഥാനവാക്യം ശരിയായിത്തീരുന്നത് ഇത്തരം കാലവിളംബത്തിലാണ്. നീതിവ്യവസ്ഥയിൽ ഇരകൾക്കു മാത്രമല്ല,​ പ്രതികൾക്കും മനുഷ്യത്വപരമായ സ്വാഭാവികനീതി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ടത്,​ കോടതി നടപടികൾ വേഗത്തിലാക്കുക വഴി,​ നീതിനടത്തിപ്പിലെ കാലതാമസം ഒഴിവാക്കുക മാത്രമാണ്.

ഇന്ത്യയുടെ അമ്പത്തിമൂന്നാമത് ചീഫ് ജസ്റ്റിസ് ആയി ഇന്നലെ ചുമതലയേറ്റ ജ. സൂര്യകാന്ത്,​ പരമോന്നത നീതിപീഠത്തിൽ ഉപവിഷ്ടനാകുന്നതിനു മുമ്പുതന്നെ പറ‌ഞ്ഞത്,​ കോടതികളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് കേസുകൾ കഴിയുന്നത്ര വേഗത്തിൽ തീർപ്പാക്കുന്നതിനായിരിക്കും തന്റെ മുൻഗണന എന്നാണ്. രാജ്യത്ത്,​ വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും അദ്ദേഹം തന്നെ പറഞ്ഞു- അ‌‍ഞ്ചു കോടി! സുപ്രീം കോടതികളിലും ഹൈക്കോടതികളിലുമായി കെട്ടിക്കിടക്കുന്നത് 90,​000 കേസുകൾ. അമ്പരപ്പിക്കുന്ന ഈ കണക്കുകളിൽ കുരുങ്ങിക്കിടക്കുന്നത് ഇരുപക്ഷത്തുമായി എത്ര കോടി മനുഷ്യരും കുടുംബങ്ങളുമായിരിക്കും! ഓരോ സർക്കാർ ഫയലിലും ഒരു മനുഷ്യജീവിതമുണ്ടെന്ന വാചകം എപ്പോഴും കേൾക്കുന്നതാണ്. ഓരോ കേസുകെട്ടിലും ഒന്നല്ല,​ ഒരുപാട് കുടുംബങ്ങളുടെ കണ്ണീരും കാത്തിരിപ്പും ഉണ്ടെന്നത് ആരും മന:പൂർവം മറന്നുപോകുന്നതല്ല. വ്യവസ്ഥിതിയുടെ ഒഴിവാക്കാനാകാത്ത തകരാറ് എന്ന അർത്ഥമില്ലാത്ത ന്യായംകൊണ്ട് പ്രയോജനവുമില്ല.

നാഷണൽ ജുഡിഷ്യൽ ഡാറ്റാ ഗ്രിഡിൽ ലഭ്യമായ കണക്കനുസരിച്ച്,​ കേരള ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകളുടെ എണ്ണം 44,​68,​865 ആണ്. 32 ലക്ഷത്തിലധികം കേസുകളാണ് ഇതിൽ ഒരുവർഷത്തിലധികം പഴക്കമുള്ളവ- ഏതാണ്ട് 72 ശതമാനം! നീതി കാത്തുകിടക്കുന്ന ക്രിമിനൽ കേസുകളുടെ എണ്ണം ഹൈക്കോടതിയിൽ മാത്രം 19,​11,​480 ആണ്. ഇതിൽ 69 ശതമാനവും ഒരു വർഷത്തിലധികമായി നടപടിക്രമങ്ങൾ തുടർന്നുവരുന്നവ! ഇങ്ങനെ കേസുകൾ കുന്നുകൂടിക്കിടക്കുന്നതിന്,​ ഹൈക്കോടതിയിൽ നീതിയുടെ നടപടികൾ നിശ്ചലമാണെന്ന് അർത്ഥമില്ല. കഴിഞ്ഞ മാസം മാത്രം 82,​241 ക്രിമിനൽ കേസുകൾ ഉൾപ്പെടെ ആകെ 1,​65,​082 കേസുകളിൽ തീർപ്പുകല്പിച്ചതായാണ് കണക്ക്. ഓരോ ദിവസവും നൂറുകണക്കിന് പുതിയ കേസുകൾ എത്തുന്നതോടെ ഫലത്തിൽ തീർപ്പ് എന്നത് ഒരു വിദൂരസ്വപ്നമായി ശേഷിക്കുന്നു എന്നു മാത്രം. കീഴ്ക്കോടതികളിലെ കേസ് തീർപ്പ് പ്രോത്സാഹിപ്പിക്കുകയും, ന്യായാധിപന്മാരുടെ കുറവ് ഉൾപ്പെടെ നീതിനിർവഹണത്തിന് നേരിടുന്ന സാങ്കേതിക തടസങ്ങൾക്ക് പരിഹാരം കാണുകയുമാണ് ഇതിന് പരിഹാരമാർഗം.

പുതിയ ചീഫ് ജസ്റ്റിസിന്റെ വാചകങ്ങളിലെ ആത്മാർത്ഥതയും നിശ്ചയദാർഢ്യവും വ്യക്തമാണെങ്കിലും,​ അത് സാദ്ധ്യമാകണമെങ്കിൽ ന്യായാധിപ തസ്തികകളിലെ ഒഴിവുകൾ കഴിയുന്നത്ര വേഗം നികത്തുകയും,​ പ്രത്യേക വിഷയങ്ങളിലെ കേസുകൾക്ക് പ്രത്യേകം കോടതികൾ സ്ഥാപിക്കുകയുമാണ് ഒരു പോംവഴി. പോക്സോ കേസുകളിൽ വിധിതീർപ്പ് നേരത്തേയാക്കുന്നതിനാണ് രാജ്യത്ത് അത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതായി പ്രത്യേകം കോടതികൾ സ്ഥാപിച്ചത്. എന്നിട്ടുപോലും പോക്സോ കേസുകളിൽ പലപ്പോഴും നീതി വൈകുന്നതാണ് അനുഭവം. ജീവിതത്തിൽ ഒരിക്കൽപ്പോലും കോടതിയിൽ കയറേണ്ടിവരരുതേ എന്ന് നമ്മൾ പ്രാർത്ഥിച്ചുപോകുന്നത്,​ ജീവിതകാലം അപ്പാടെ വ്യവഹാരക്കുരുക്കിലാകും എന്ന തിരിച്ചറിവുകൊണ്ടു കൂടിയാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നീതിവാക്യത്തെക്കുറിച്ച് തർക്കമില്ല. പക്ഷേ,​ അപരാധികളും നിരപരാധികളും ഒരുപോലെ ശിക്ഷിക്കപ്പെടുന്ന ഈ കാലതാമസത്തിന് അവസാനമുണ്ടാവുക തന്നെ വേണം.