ഗുരുദർശനത്തിലേക്ക് ഒരു ലോകജാലകം

Tuesday 25 November 2025 5:09 AM IST

ശ്രീനാരായണ ഗുരുദേവന്റെ തത്വ ദർശനം ലോക മനസുകളിൽ എത്തിക്കേണ്ട സമയം അതിക്രമിച്ചൊരു കാലമാണിത്. ഗുരുവിന്റെ മഹിതമായ ദർശനം ഭാരതത്തിൻറെ ഋഷി പരമ്പര പകർന്നുതന്ന ദർശനങ്ങളിൽ നിന്ന് ഭിന്നമല്ല. ഗുരുദേവൻ തികഞ്ഞ അദ്വൈതി ആയിരുന്നു. അദ്വൈത രഹസ്യങ്ങൾ ത്രസിച്ചു നിൽക്കുന്നവയാണ് ഗുരുവിന്റെ രചനകൾ.

ഭാരതീയരുടെ ഭൗതിക വിചാരത്തിന്റെയും ജീവിത പദ്ധതിയുടെയും ആധാരശിലയാണ് ഭാരതീയ ദർശനങ്ങൾ. പരമാർത്ഥതത്വം അറിയുക എന്നതാണ് ഈ ദർശന ലക്ഷ്യം. ഗുരുദേവനെ സാമൂഹിക പരിഷ്കർത്താവായും നവോത്ഥാന നായകനായും വിപ്ലവകാരിയായും അറിയാനും വിശേഷിപ്പിക്കാനുമാണ് നമുക്കിഷ്ടം. ഗുരു പകർന്നു തന്ന തത്വദർശനം മനുഷ്യന്റെ പരമാർത്ഥ തത്വത്തെ അറിയുകയാണ് എന്നതാണെങ്കിലും,​ മനുഷ്യന്റെ സമസ്ത മേഖലയെപ്പറ്റിയും ഗുരു ഓർമ്മപ്പെടുത്തുന്നുണ്ട്. അതുതന്നെയായിരുന്നു,​ ഗുരുവിന്റെ സാമൂഹിക പരിഷ്കരണ പ്രക്രിയകളെന്നും കാണാനാവും.

ജീവിതത്തിന്റെ

പരമലക്ഷ്യം

ദർശനം എന്നു പറഞ്ഞാൽ വസ്തുതത്വം. ഏതുകൊണ്ടാണോ അറിയുന്നത്,​ അതിനെയാണ് ദർശനം എന്നു പറയുന്നത്. ഇവിടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ത് എന്ന തത്വത്തെ തന്നെയാണ് ഗുരുദേവൻ അവിടുത്തെ രചനകളിലൂടെയും ഉദ്ബോധനങ്ങളിലൂടെയും കർമ്മപഥങ്ങളിലൂടെയും കാട്ടിത്തന്നത്. അതുകൊണ്ടാണല്ലോ ഗുരുദേവൻ അരുവിപ്പുറത്ത് കർമ്മകാണ്ഡത്തിനു തുടക്കം കുറിച്ച്,​ ശിവമൂർത്തിയെ പ്രതിഷ്ഠിച്ചു നൽകിയത്. തുടർന്നിങ്ങോട്ട്,​ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ സാത്വികമായ ദേവതാരാധനയ്ക്കായി മനുഷ്യർക്ക് ഉപാസന ചെയ്യുന്നതിന് ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചു നൽകിയപ്പോഴും ഗുരുദേവൻ

ഓംകാര പ്രതിഷ്ഠ നടത്തി.

ആത്മോപദേശ ശതകത്തിലൂടെ,​ തന്റെ അവതാര ലക്ഷ്യം എന്തെന്നുകൂടി ഗുരു നമുക്ക് കാട്ടിത്തരുന്നു. ആത്യന്തികമായി പരമപുരുഷാർത്ഥമായ മോക്ഷത്തിൽ ലയിക്കണം; ഓംകാരത്തിലേക്ക് വിലയം പ്രാപിക്കണം എന്ന് ഗുരു നമ്മെ ഉദ്ബോധിപ്പിക്കുന്നു. ജീവൻ,​ ഈശ്വരൻ,​ ജഗത്ത് എന്നീ മൂന്ന് വിഷയങ്ങളാണല്ലോ വേദാന്തം പ്രധാനമായും ചർച്ച ചെയ്യുന്നത്. അവിടെ,​ ജനനമരണങ്ങളെക്കുറിച്ചും സ്വർഗ- നരകങ്ങളെക്കുറിച്ചും പറയുന്നു,​ധർമ്മാധർമ്മങ്ങളെക്കുറിച്ച് പറയുന്നു,​ ബന്ധ- മോക്ഷങ്ങളെക്കുറിച്ച് പറയുന്നു. ഇതെല്ലാം നമ്മുടെ ചിന്താമണ്ഡലത്തിൽ നിൽക്കുന്ന അനുഭൂതിയുടെ തലങ്ങളാണ്. ഇത് ഗുരുദേവൻ നമുക്ക് അവിടുത്തെ കൃതികളിലൂടെ പകർന്നു നൽകിയിരിക്കുന്നു.

സമന്വയത്തിന്റെ

ഗുരുദർശനം

ജാതിഭേദവും മതദ്വേഷവും ഇല്ലാതെ എല്ലാവരും സഹോദര ഭാവേന വാഴുന്ന ഒരു നവലോക സൃഷ്ടിയായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ ലക്ഷ്യം. ആധ്യാത്മികതയുടെയും ഭൗതികതയുടെയും ദർശനങ്ങൾ സമ്മേളിക്കുന്നതാണ് ഗുരുദർശനം. മനുഷ്യരെല്ലാം ഒരു ജാതി എന്നതാണ് ആ ദർശനത്തിന്റെ സാരസർവസ്വം. അതുകൊണ്ടാണ്, 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്നത് ഗുരുദർശനത്തിന്റെ ആധാരശിലയായിരിക്കുന്നത്. ഇത് പ്രായോഗികതലത്തിൽ അവതരിപ്പിച്ച് സാർത്ഥകമാക്കി എന്നുള്ളതാണ് ഗുരുദർശനത്തിന്റെ അപൂർവതയും സവിശേഷതയും.

അറിവാണ് ശക്തി. അറിവിന്റെ അഭാവം കൊണ്ടാണ് ലോകത്ത് സർവ അസ്വാതന്ത്ര്യങ്ങളും അസമത്വങ്ങളും അനാചാരങ്ങളും അരങ്ങേറുന്നത്. അതുകൊണ്ടാണ് ഗുരുദേവൻ ആ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന് പരമ പ്രാധാന്യം കല്പിച്ചത്. കുട്ടികളെ കണ്ടാൽ പഠിക്കുന്നതിനെപ്പറ്റി ഗുരു അന്വേഷിക്കും; ഉത്സാഹിച്ച് പഠിക്കണമെന്ന് അവരുടെ ശിരസിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് ഉപദേശിക്കും. കുട്ടികളെ നല്ല നിലയിൽ പഠിപ്പിക്കണമെന്ന് മാതാപിതാക്കൾക്ക് ഉപദേശം കൊടുക്കുകയും ചെയ്യും.

ജ്ഞാനം തന്നെ

മോക്ഷമാർഗം

ജ്ഞാനം മോക്ഷമാർഗം ആണെന്നുള്ള ശങ്കരാചാര്യരുടെ വചനം ഗുരുദേവനെ സംബന്ധിച്ചിടത്തോളം അന്യമായിരുന്നില്ല. ആത്മീയ സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമല്ല,​ സാമ്പത്തികവും സാമൂഹികവുമായ ലൗകിക സ്വാതന്ത്ര്യത്തിനും വിദ്യ അത്യന്താപേക്ഷിതമാണെന്നാണ് ഗുരുദേവൻ വെളിവാക്കിയത്. ആത്മീയ അടിത്തറയിൽ നിന്നുകൊണ്ട് ഭൗതികതയിലൂടെ പരമപുരുഷാർത്ഥത്തെ പ്രാപിക്കാമെന്ന് പറഞ്ഞുതന്ന മറ്റൊരു ഗുരുവിനെ ലോകത്ത് കാണാൻ സാധിക്കുകയില്ല. തത്വജ്ഞന്മാരായ ഗുരുക്കന്മാരെ നമുക്ക് കാണാൻ സാധിക്കും. മനുഷ്യ വർഗോദ്ധാരകന്മാരായ ഗുരുക്കന്മാരെയും കാണാം. എന്നാൽ,​ മനുഷ്യവർഗോദ്ധാധാരകത്വവും തത്വജ്ഞാനിത്വവും സമ്യക്കായി സമന്വയിച്ച ഒരു ഗുരു,​ ശ്രീനാരായണ ഗുരുദേവൻ മാത്രമായിരിക്കും.

ഗുരുവിന്റെ ദർശനം അമേരിക്കയുടെ മണ്ണിൽ എത്തിക്കുവാനുള്ള ഭഗീരഥപ്രയത്നമാണ് ഞങ്ങൾ,​ ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയിലൂടെ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഗുരുവിന്റെ സന്തത സഹചാരിയാകുവാനും

ശിവഗിരിയിൽ വനജാക്ഷി മന്ദിരം പണികഴിപ്പിച്ച് ഗുരുവിന് സമർപ്പിക്കുവാനും ഭാഗ്യം സിദ്ധിച്ച ആലുംമൂട്ടിൽ ചാന്നാന്മാരുടെ കുടുംബത്തിൽ പിറക്കുവാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചത് ഗുരുവിന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ഇന്ന് ശിവഗിരി മഠത്തിന്റെ ഭാഗമായ ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ ഒരു എളിയ പ്രവർത്തകനായി മാറുവാൻ സാധിച്ചതും അവിടുത്തെ കൃപകൊണ്ടു മാത്രം.

ഭൗതികതയ്ക്ക് പ്രാധാന്യമുള്ള അമേരിക്ക പോലുള്ള ഒരു രാജ്യത്ത് ധ്യാനത്തിലൂടെയും യോഗയിലൂടെയും പാശ്ചാത്യ ജനതയ്ക്ക് ഗുരുവിനെ പരിചയപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഗുരുദേവൻ മനുഷ്യന്റെ സർവതോമുഖമായ വളർച്ചയെയാണ് ലാക്കാക്കിയത്. അവിടെ ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ അതിർവരമ്പുകളില്ല. എല്ലാവരും ഒരേയൊരു പരമാത്മാവിന്റെ അംശങ്ങളായ ജീവാത്മാക്കളാണ്. ആ പരമതത്വം ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുകയാണ് ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തകരുടെ ലക്ഷ്യം.

ഗുരുദേവന്റെ മഹാസമാധിയുടെ ശതാബ്ദിയിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോൾ,​ 2028 ആകുമ്പോൾ ധർമ്മസംഘം എന്ന ഗുരുവിന്റെ സംന്യാസിസംഘത്തിന്റെ രൂപീകരണ ശതാബ്ദി വർഷത്തിലേക്ക് നാലുവർഷം മാത്രം ബാക്കി നിൽക്കുമ്പോൾ,​ ഗുരുവിന്റെ സംന്യസ്ത ശിഷ്യ പരമ്പരയോട് ചേർന്നുനിന്ന് നമുക്ക് ഒരുപാട് പ്രവർത്തിക്കുവാനുണ്ട്. അതിന് ഏവരുടെയും സഹായ സഹകരണങ്ങൾ ആശ്രമത്തിന് ഉണ്ടാകണമെന്നാണ് പ്രാർത്ഥനയും അഭ്യർത്ഥനയും.

(ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ആണ് ലേഖകൻ)​