വേങ്ങാട് പഞ്ചായത്തിലേത് കുടുംബപോര്

Monday 24 November 2025 9:38 PM IST

കണ്ണൂർ: വേങ്ങാട് തെരു വാർഡിൽ മത്സരിക്കുന്നത് സഹോദരങ്ങളായ സഹദേവനും ശശീന്ദ്രനും.വേങ്ങാട് മൊട്ടയിൽ മത്സരിക്കുന്നത് ഇവരുടെ സഹോദരി സുനിത, വേങ്ങാട് ഒന്നാം വാർഡായ തട്ടാരിയിൽ രംഗത്തുള്ളത് ശശീന്ദ്രന്റെ ഭാര്യ ബീന. വേങ്ങാട് മൊട്ടയിലെ പൂവത്തിൻകീഴ് തറവാടിന് എങ്ങനെ നോക്കിയാലും ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് കുടുംബപ്പോരായി വരും.

ഇതിൽ സഹോദരങ്ങളായ സഹദേവനും ശശീന്ദ്രനും ആറാം വാർഡായ വേങ്ങാട് തെരുവിൽ നേർക്കു നേർ പോരാട്ടത്തിലാണ്. സഹദേവൻ കോൺഗ്രസ് സ്ഥാനാർത്ഥി. ശശീന്ദ്രൻ ബി.ജെ.പി ടിക്കറ്റിലാണ് സഹോദരനെതിരെ പോരാടുന്നത്. ഇവരുടെ സഹോദരി സുനിത കോൺഗ്രസ് സ്ഥാനാർത്ഥിയാണെങ്കിൽ ശശീന്ദ്രന്റെ ഭാര്യ ബീന തട്ടാരിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ്.

കേരള പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം വൈസ് പ്രസിഡന്റും മമ്പറം ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമാണ് സഹദേവൻ. സഹോദരൻ ശശീന്ദ്രൻ ബി.ജെ.പി ചക്കരക്കല്ല് മണ്ഡലം കമ്മിറ്റിയംഗമാണ് . സഹോദരിയായ സുനിത മഹിളാ കോൺഗ്രസ് വേങ്ങാട് മണ്ഡലം പ്രസിഡന്റ്. ശശീന്ദ്രന്റെ ഭാര്യ ബീനയാകട്ടെ ബി.ജെ.പി വേങ്ങാട് ഏരിയ വൈസ് പ്രസിഡന്റും.