ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച മരം മുറിച്ചു
Tuesday 25 November 2025 12:07 AM IST
കൊടുങ്ങല്ലൂർ: ബി.ജെ.പി സ്ഥാനാർത്ഥിയുടെ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച മരം ഉൾപ്പെടെ മുറിച്ചു മാറ്റിയെന്ന് ആരോപണം. ശ്രീനാരായണപുരം 21-ാം വാർഡ് ബി.ജെ.പി സ്ഥാനാർത്ഥി പാലയ്ക്കപ്പറമ്പിൽ സജിൽ മധുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്‌ളക്‌സ് ബോർഡാണ് നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രവർത്തകർ മരത്തിൽ ബോർഡ് സ്ഥാപിച്ചത്. എന്നാൽ അടുത്ത ദിവസം രാവിലെ ഫ്‌ളക്‌സ് ബോർഡും മരവും കാണാതായി. ഇത് രണ്ടാം തവണയാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരുന്ന മരം ഉൾപ്പെടെ മുറിച്ചുമാറ്റിയതെന്ന് പറയുന്നു. പഞ്ചായത്തിലെ 3-ാം വാർഡ് ബി.ജെ.പി സ്ഥാനാർത്ഥി ശ്രീദേവി അനീഷിനുവേണ്ടി മൃഗാശുപത്രി പരിസരത്ത് സ്ഥാപിച്ചിരുന്ന ബോർഡും മരം ഉൾപ്പെടെ മുറിച്ചു കൊണ്ടുപോയതായും ബി.ജെ.പി എടവിലങ്ങ് മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് ചെത്തി പാടത്ത് ആരോപിച്ചു.