ജനതാദൾ നേതാവ് എൻ.ഡി.എ സ്ഥാനാർത്ഥി

Tuesday 25 November 2025 12:09 AM IST
ജോസ് പൈനാടത്ത്

ചാലക്കുടി: നഗരസഭയിൽ എൽ.ഡി.എഫ് ഘടകകക്ഷി നേതാവ് എൻ.ഡി.എ സ്ഥാനാർത്ഥിയായി. ജനതാദൾ (എസ്) ദേശീയ കൗൺസിൽ അംഗം ജോസ് പൈനാടത്താണ് കാരക്കുളത്തുനാട് വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായത്. ബി.ജെ.പി നേതാക്കൾ തിങ്കളാഴ്ച ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.ആപ്പിൾ ചിഹ്നത്തിലായിരിക്കും മത്സരം. 2005 ഇതേ വാർഡിൽ കൗൺസിലറായിരുന്നു. ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിയെ നിരാകരിച്ചതിന്റെ പ്രതിഷേധമാണ് പുതിയ സ്ഥാനാർത്ഥിത്വമെന്ന് ജോസ് പറയുന്നു. ജനതാദൾ സെക്കുലർ ദേശീയതലത്തിൽ എൻ.ഡി.എ സഖ്യ കക്ഷിയാണ്. കേരളത്തിൽ മാത്രമാണ് എൽ.ഡി.എഫുമായി പാർട്ടി സഹകരിക്കുന്നതെന്ന് ജോസ് പൈനാടത്ത് വ്യക്തമാക്കി. വാർഡിൽ സ്വതന്ത്രമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഇപ്പോൾ എൻ.ഡി.എയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയുമായി.നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ മത്സരിക്കുന്ന വാർഡാണ് കാരക്കുളത്തുനാട്. ഷിബു പറമ്പിക്കാട്ടിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.