മത്സരാർത്ഥികളുടെ എണ്ണത്തിൽ കുറവ്
Tuesday 25 November 2025 1:19 AM IST
ആലപ്പുഴ: കലോത്സവത്തിന്റെ ആദ്യദിനം സ്റ്റേജ് ഇന മത്സരങ്ങളിൽ മത്സരാർത്ഥികളുടെ കുറവ് അനുഭവപ്പെട്ടു. 11 ഉപജില്ലകളുള്ള ജില്ലയിൽ പല മത്സരങ്ങളിലും ഓരോ മത്സരാർത്ഥികൾ വീതമാണ് പങ്കെടുത്തത്. ഹൈസ്കൂൾ വിഭാഗം നങ്ങ്യാർകൂത്ത്, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ചാക്യാർകൂത്ത് എന്നീ മത്സരങ്ങളിലാണ് ഓരോരുത്തർ വീതം മത്സരിച്ചത്. ഇവർക്ക് ഒന്നാംസ്ഥാനം നൽകുകയും ചെയ്തു. നങ്ങ്യാർകൂത്തിന് മൂന്നുപേർ രജിസ്റ്റർ ചെയ്തെങ്കിലും മത്സരിക്കാനെത്തിയത് ഒരുകുട്ടി മാത്രമാണ്. മത്സരാർത്ഥികളുടെ കുറവ് കാണികളെ മടുപ്പിച്ചു. ഓട്ടൻ തുള്ളൽ ഹൈസ്കൂൾ വിഭാഗത്തിൽ ആറുപേരാണ് മത്സരിച്ചത്. മത്സരിക്കാനായി മാത്രം വിവിധ ഇനങ്ങൾ പഠിച്ചുവരുന്നവരാണ് പലരും. കഴിഞ്ഞ വർഷം മത്സരാർത്ഥികളുടെ പങ്കാളിത്തം ഇതിലും കൂടുതലായിരുന്നു.