അനന്തുകൃഷ്ണൻ മികച്ച നടൻ , കരിഷ്മ നടി
ആലപ്പുഴ: ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ മികച്ച നടനായി അനന്തു കൃഷ്ണനും നടിയായി കരിഷ്മ ഷാലിമാറും തിരഞ്ഞെടുക്കപ്പെട്ടു. സമകാലിക ഇന്ത്യൻ രാഷ്ട്രീയം തുറന്നുകാട്ടിയ 'കുടുക്ക് ' എന്ന നാടകത്തിലെ മികവിനാണ് നേട്ടം. അനന്തു തുടർച്ചയായി രണ്ടാം തവണയാണ് ജില്ലാ തലത്തിൽ നടനാകുന്നത്. കേശവൻ നായർ എന്ന കഥാപാത്രത്തെയാണ് വേറിട്ട രീതിയിൽ അവതരിപ്പിച്ചത്. കന്നിയങ്കത്തിൽ ആഷ്ന എന്ന ചെറുവേഷത്തിലൂടെ തിളങ്ങിയ കരീഷ്മ കാണികളുടെ കൈയ്യടി ഏറ്റുവാങ്ങി. ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണിരുവരും.
പ്ലസ്‌ടു ബയോ സയൻസിലെ അനന്തു ചെങ്ങണ്ട വെളിയിൽ ജെ.സി.ബി ഡ്രൈവർ സുധീഷ്, അങ്കണവാടി ഹെല്പർ സവിത ദമ്പതികളുടെ മകനാണ്. പ്ലസ്‌വൺ ബയോ മാത്‌സിലെ കരീഷ്മ അർത്തുങ്കൽ വാണി വിലാസത്തിൽ എറണാകുളം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ ഷാലിമാർ കെ. തോമസിന്റെയും ചേർത്തല സെന്റ് ആൻസ് സ്കൂളിലെ അദ്ധ്യാപികയായ ജീന നായരുടെയും മകളാണ്.