തെങ്കാശിയിൽ രണ്ട് സ്വകാര്യ ബസ് കൂട്ടിയിടിച്ച് 8 മരണം, 36 പേർക്ക് പരിക്ക്

Tuesday 25 November 2025 12:00 AM IST
rfdf

തെങ്കാശി: തെങ്കാശിയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. 36 പേർക്ക് പരിക്കേറ്രു. മരിച്ചവരിൽ ആറ് പേർ സ്ത്രീകളാണ്. തെങ്കാശിക്കടുത്തുള്ള കാമരാജപുരത്ത് വച്ച് ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും തെങ്കാശിയിൽ നിന്ന് കോവിൽപ്പട്ടിയിലേക്കും പോകുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും പൂർണമായും തകർന്നു. പൊലീസിന്റെയും അഗ്നിശമന സേനാംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ജെ.സി.ബിയടക്കം ഉപയോഗിച്ചാണ് ബസുകൾ തമ്മിൽ വേർപെടുത്തിയാണ് ആളുകളെ പുറത്തെടുത്തത്. ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്.

അതേസമയം,സംഭവസ്ഥലം ജില്ലാ കളക്ടർ എ.കെ കമൽ കിഷോറും പൊലീസ് സൂപ്രണ്ട് എസ്. അരവിന്ദും സന്ദർശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. അപകടത്തെ തുടർന്ന് സ്ഥലത്ത് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.