ബോളിവുഡ് ഇതിഹാസതാരം ധർമ്മേന്ദ്ര ഓർമ്മയായി
മുംബയ്: റൊമാന്റിക് ഹീറോയായി എത്തി ബോളിവുഡിന്റെ 'ഒറിജിനൽ ആക്ഷൻ താര"മായി മാറിയ ഇതിഹാസനടൻ ധർമ്മേന്ദ്ര (89)വിടവാങ്ങി. ഇന്നലെ രാവിലെ മുംബയ് ജുഹുവിലെ വസതിയിലായിരുന്നു ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറ്റവും ജനപ്രിയ നായകൻമാരിൽ ഒരാളായ ധർമ്മേന്ദ്രയുടെ വിയോഗം. ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം പവൻസ് ഹാൻസ് ശ്മശാനത്തിൽ നടന്നു. ഡിസംബർ 8ന് 90 -ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ജീവിതത്തിന് തിരശ്ശീലവീണത്.
പഞ്ചാബിലെ ഗ്രാമത്തിൽ ജനിച്ച് മുംബയിലെത്തി ജീവിതം കെട്ടിപ്പടുത്ത ധർമ്മേന്ദ്ര കെവാൾ കൃഷൻ ഡിയോൾ (ധരം സിംഗ് ഡിയോൾ) എന്ന ധർമ്മേന്ദ്ര ബോളിവുഡിന് പ്രിയപ്പെട്ട 'ധരം പാജി" ആയിരുന്നു. ദേവ് ആനന്ദ്, ശശി കപൂർ, വിനോദ് ഖന്ന എന്നിവർക്കൊപ്പം ക്ലാസിക് യുഗത്തിലെ ഏറ്റവും സുമുഖനായ താരം. ഹോളിവുഡ് താരം പോൾ ന്യൂമാനുമായാണ് ധർമ്മേന്ദ്രയെ താരതമ്യം ചെയ്തിരുന്നത്. 65 വർഷം നീണ്ട അഭിനയ ജീവിതത്തിനിടെ 300ലേറെ സിനിമകളിൽ അഭിനയിച്ചു. റൊമാന്റിക്, ആക്ഷൻ, ഹാസ്യ വേഷങ്ങൾ അനായാസം കൈകാര്യം ചെയ്തു.
1960ൽ 'ദിൽ ഭി തേരാ ഹം ഭി തേരേ"യിലൂടെ അരങ്ങേറ്റം. ഫൂൽ ഓർ പഥർ (1966) ആക്ഷൻ ഹീറോ പരിവേഷം നേടിക്കൊടുത്തു. ക്ലാസിക് ഹിറ്റായ ഷോലേയിലെ (1975) 'വീരു" മറക്കാനാകാത്ത കഥാപാത്രമായി. സീത ഓർ ഗീത, ചുപ്കേ ചുപ്കേ, മേരാ ഗാവ് മേരാ ദേശ്, ദരം വീർ തുടങ്ങി ശ്രദ്ധേയ ചിത്രങ്ങൾ നിരവധി. 2012ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. 2004 - 2009 കാലയളവിൽ രാജസ്ഥാനിലെ ബിക്കാനേരിൽ നിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു. വിജയ്‌ത ഫിലിംസ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ചു.
പ്രകാശ് കൗർ ആണ് ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യ. നടന്മാരായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജത, അജീത എന്നിവർ മക്കളാണ്. കരിയറിൽ തിളങ്ങി നിൽക്കെ ആദ്യ വിവാഹം വേർപെടുത്താതെ ബോളിവുഡിന്റെ ഡ്രീം ഗേൾ ഹേമ മാലിനിയെ വിവാഹം ചെയ്തു. നടി ഇഷ ഡിയോൾ, അഹാന എന്നിവരാണ് ധർമ്മേന്ദ്ര - ഹേമ ദമ്പതികളുടെ മക്കൾ. നടൻ അഭയ് ഡിയോൾ സഹോദര പുത്രനാണ്.