അഗ്നിപർവ്വത സ്‌‌ഫോടനം; ഇന്ത്യൻ നഗരങ്ങൾക്കും ഭീഷണി, വിമാനസർവ്വീസുകൾ വഴിതിരിച്ചുവിട്ടു

Monday 24 November 2025 10:47 PM IST

ന്യൂഡൽഹി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ ചാരപ്പുകകൾ ഡൽഹിയെയും ജയ്പൂരിനെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ സമയം അഞ്ചരയോടെ ഗുജറാത്തിലെ ജാംനഗറിൽ പുകപടലങ്ങൾ എത്തുമെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ വിമാനസർവ്വീസുകൾ തടസപ്പെട്ടു. ഇന്ത്യൻ വ്യോമയാന ഉദ്യോഗസ്ഥർ ജാഗ്രത തുടരുകയാണ്. പുകപടലങ്ങൾ കാരണം ഇൻഡിഗോയുടെ കണ്ണൂർ-അബുദാബി വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. അബുദാബിയിൽ ഇറങ്ങിയ മറ്റൊരു ഇന്ത്യൻ വിമാനം പരിശോധനകൾക്ക് ശേഷമാണ് മടക്കി അയച്ചത്.'ചാരക്കൂമ്പാരങ്ങൾ ബാധിച്ച പ്രദേശങ്ങൾ ഞങ്ങൾക്കറിയാം, അവിടേക്ക് പറക്കുന്നത് ഒഴിവാക്കാൻ വഴിതിരിച്ചുവിടുകയാണ്' ഇന്ത്യൻ എയർലൈൻസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

'എത്യോപ്യയിലെ അഗ്നിപർവ്വതങ്ങളുടെ സ്ഥിതിഗതികളും സമീപ പ്രദേശങ്ങളിലെ വ്യോമമേഖലയിൽ അതുണ്ടാക്കാൻ ഇടയുള്ള ആഘാതവും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വ്യോമയാന നിർദേശങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് ഞങ്ങളുടെ സുരക്ഷാ സംഘങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ആവശ്യാനുസരണം നടപടികൾ കൈക്കൊള്ളും. യാത്രക്കാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമാണ് പ്രഥമപരിഗണന' മറ്റൊരു ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ എക്‌സിൽ കുറിച്ചു.

അഗ്നിപർവ്വത സ്‌ഫോടനം മൂലമുണ്ടായ പൊടിപടലങ്ങൾ വായുവിന്റെ ഗുണനിലവാര സൂചികയെ ബാധിച്ചേക്കാമെന്നും അത്തരം സാഹചര്യങ്ങളിൽ തീർച്ചയായു മാസ്‌ക് ധരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മുംബയ്, ഡൽഹി എന്നിവിടങ്ങളിലെ വിമാന സർവ്വീസുകളുടെ സമയക്രമീകരണങ്ങളിൽ മാറ്റ‌ം സംഭവിക്കുകയോ വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.