ഇന്ത്യൻ പാസ്‌പോർട്ട് നിഷേധിച്ച് അരുണാചൽ സ്വദേശിയെ ചൈന തടഞ്ഞുവച്ചു
ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള അരുണാചൽ പ്രദേശ് സ്വദേശിനിയെ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂറിലധികം തടഞ്ഞുവച്ചു. 14 വർഷമായി യു.കെയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള പ്രേമ വാങ്‌ജോം തോങ്‌ഡോക്കിനാണ് ദുരനുഭവം. ലണ്ടനിലെ ഗാറ്റ്‌വിക്കിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്‌ക്കിടെ വിമാനം മാറാൻ ഷാങ്ഹായിയിൽ ഇറങ്ങിയപ്പോഴാണ് സംഭവം.
വിമാനം മാറിക്കയറാൻ മറ്റ് യാത്രക്കാർക്കൊപ്പം ക്യൂവിൽ നിന്ന പ്രേമയെ ചൈനീസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ മാറ്റിനിറുത്തി. 'അരുണാചൽ പ്രദേശ് ചൈനയിലാണെന്നും ഇന്ത്യൻ പാസ്‌പോർട്ട് അസാധുവാണെന്നും പറഞ്ഞു. ഉദ്യോഗസ്ഥർ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തു. അത് ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ 'അരുണാചൽ ഇന്ത്യയുടെ ഭാഗമല്ലെന്നും ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. 'നിങ്ങൾ ചൈനക്കാരിയാണ്, ഇന്ത്യക്കാരിയല്ല" എന്നും പറഞ്ഞു.
ഗൂഗിൾ, വാട്ട്‌സ്ആപ്പ് പോലുള്ള സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനമുള്ളതിനാൽ ആരെയും ബന്ധപ്പെടാൻ സാധിച്ചില്ല. പിന്നീട് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എത്തിയാണ് പ്രശ‌്നം പരിഹരിച്ചത്. ഷാങ്ഹായ് വഴി മുൻപ് ഒരു പ്രശ്‌നവുമില്ലാതെ സഞ്ചരിച്ചിട്ടുണ്ടെന്നാണ് പ്രേമ പറയുന്നത്. യാത്ര പുറപ്പെടുംമുൻപ് ലണ്ടനിലെ ചൈനീസ് എംബസിയെ ബന്ധപ്പെട്ടപ്പോൾ ലേ ഓവറിനായി വിസ ആവശ്യമില്ലെന്ന് ഉറപ്പു ലഭിച്ചിരുന്നു.
അപമാനമെന്ന് പ്രേമ
ഞങ്ങൾ ശുദ്ധ ഹിന്ദി സംസാരിക്കുന്ന ഇന്ത്യക്കാരാണ്. ചൈനീസ് ഭാഷയറിയില്ല. ഇന്ത്യൻ പൗരന്മാരായതിൽ അഭിമാനിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾക്ക് ഇത്തരം പീഡനങ്ങൾ നേരിടേണ്ടിവരരുത്. ഇന്ത്യ നയതന്ത്ര തലത്തിൽ പരിഹാരം കാണണമെന്നും പ്രേമ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി, വിദേശകാര്യ സെക്രട്ടറി എന്നിവർക്ക് പ്രേമ ഇതു സംബന്ധിച്ച് കത്തെഴുതി.
പ്രതിഷേധമറിയിച്ച് ഇന്ത്യ
സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. ഇരു രാജ്യങ്ങളും സാധാരണ നില പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന സമയത്ത് ഇത്തരം നടപടികൾ അനാവശ്യമാണ്.
അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടത്തുകാർക്ക് ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശം വയ്ക്കാനും യാത്ര ചെയ്യാനും പൂർണ അവകാശമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനീസ് അധികാരികളുടെ നടപടി ഷിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകൾ അടക്കം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്.