അമ്മയുടെ മൃതദേഹം വേണ്ടെന്ന് മകന്‍; കാരണമായി പറഞ്ഞത് വിചിത്രമായ ന്യായം
ലക്‌നൗ: വൃദ്ധസദനത്തില്‍ വെച്ച് മരണപ്പെട്ട അമ്മയുടെ മൃതദേഹം തത്കാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് മകന്‍. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ ഒരു വൃദ്ധസദനത്തില്‍ കഴിയുകയായിരുന്ന ശോഭ ദേവി എന്ന സ്ത്രീ ദീര്‍ഘകാലമായി അസുഖബാധിതയായിരുന്നു. മരണപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ മകനെ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു നാല് ദിവസത്തേക്ക് ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കണമെന്നും ഇപ്പോള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമാണ് മകന്‍ മറുപടി നല്‍കിയത്.
'എന്റെ അമ്മയുടെ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഇപ്പോള്‍ ഒരു വിവാഹമുണ്ട്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായിരിക്കും. വിവാഹത്തിന് ശേഷം കൊണ്ടുപോകാം' എന്നായിരുന്നു മകന്‍ ജീവനക്കാരോട് പറഞ്ഞതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്, ജീവനക്കാര്‍ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഒടുവില്‍ അവര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
വീട്ടില്‍ നിന്ന് ഇറങ്ങിയ ശോഭ ദേവി നിരവധി സ്ഥലങ്ങളില്‍ അലഞ്ഞ് നടന്നതിന് ശേഷമാണ് വൃദ്ധസദനത്തില്‍ എത്തിയത്. അടുത്തിടെ ഇവരുടെ കാലിന് അസുഖം ബാധിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ആരോഗ്യനില വഷളായി. ഒരു വര്‍ഷത്തിന് മുമ്പ് തന്നെയും ഭാര്യയേയും മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നാണ് ശോഭ ദേവിയുടെ ഭര്‍ത്താവ് ഭുവാല്‍ ഗുപ്ത പ്രതികരിച്ചത്. അമ്മയുടെ മരണ വിവരം ഇളയമകനെയാണ് പിതാവ് ആദ്യം അറിയിച്ചത്.
എന്നാല്‍ തനിക്ക് സഹോദരനുമായി ആലോചിച്ച ശേഷമേ തീരുമാനത്തിലെത്താന്‍ കഴിയുകയുള്ളൂവെന്നാണ് ഇയാള്‍ പിതാവിനോട് പറഞ്ഞത്. എന്നാല്‍ മൂത്ത സഹോദരന്റെ മകന്റെ വിവാഹമായതിനാല്‍ നാല് ദിവസത്തേക്ക് മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചുവെന്നാണ് ഭുവാലിനെ ഇളയമകന്‍ അറിയിച്ചത്. വീട്ടില്‍ ഒരു വിവാഹചടങ്ങ് നടക്കുമ്പോള്‍ മൃതദേഹം എത്തിക്കുന്നത് അശുഭകരമായ കാര്യമായിരിക്കുമെന്നാണ് മാതാവിന്റെ മരണവാര്‍ത്തയോട് മകന്‍ പ്രതികരിച്ചത്.