അയൽവാസിയുടെ വളർത്തുനായ ആക്രമിച്ചു; ആറുവയസുകാരന്റെ വലതു ചെവി കടിച്ചെടുത്തു
ന്യൂഡൽഹി: അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ ആറു വയസുകാരന് ഗുരുതരപരിക്ക്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പ്രേം നഗറിലാണ് സംഭവം. പിറ്റ്‌ബുൾ ഇനത്തിൽപ്പെടുന്ന വളർത്തു നായ കുട്ടിയുടെ വലത്തെ ചെവി കടിച്ചെടുത്തു. ശരീരത്തിൽ മറ്റിടങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി.
ഞായറാഴ്ച വൈകുന്നേരം വിനയ് എൻക്ലേവിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ നായ ആക്രമിച്ചത്. മാതാപിതാക്കളും അയൽവാസികളും ചേർന്ന് കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് മോചിപ്പിച്ചു. പരിക്കേറ്റ ആറുവയസുകാരനെ രോഹിണിയിലെ ബിഎസ്എ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
അയൽവാസിയും തയ്യൽക്കാരനുമായ രാജേഷ് പാലിന്റേത് (50) ആണ് നായ. കുട്ടിയുടെ മാതാപിതാക്കൾ പ്രേം നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. കൊലപാതകശ്രമക്കേസിൽ ജയിലിലിൽ കഴിയുന്ന രാജേഷ് പാലിന്റെ മകൻ സച്ചിൻ പാൽ ഒന്നര വർഷം മുമ്പ് പിറ്റ്ബുള്ളിനെ വീട്ടിലേക്ക് കൊണ്ടുവന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കുട്ടിയുടെ മെഡിക്കൽ രേഖകൾ ശേഖരിച്ച പോലീസ് കീർത്തി നഗറിലെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്യുന്ന പിതാവ് ദിനേശിന്റെ മൊഴിയും രേഖപ്പെടുത്തി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് നായയുടെ ഉടമയായ രാജേഷ് പാലിനെ അറസ്‌റ്റ് ചെയ്‌തു.