ഡൽഹിയിൽ സമ്മർദ്ദം ചെലുത്തി ശിവകുമാർ മുഖ്യമന്ത്രി കസേരയ്ക്കായി കർണാടകയിൽ വടംവലി

Tuesday 25 November 2025 12:38 AM IST

ന്യൂഡൽഹി: കർണാടക സിദ്ധരാമയ്യയെ മുഖ്യമന്ത്രി പദത്തിൽ നിലനിറുത്താനുള്ള ഹൈക്കമാൻഡ് നിലപാടിനെതിരെ എം.എൽ.എമാരെ ഡൽഹിയിലിറക്കി ഉപമുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെ സമ്മർദ്ദ തന്ത്രം. ശിവകുമാറിനെ പിന്തുണയ്‌ക്കുന്ന ഇക്ബാൽ ഹുസൈൻ,എച്ച്.സി. ബാലകൃഷ്ണ,മഹേഷ് തമ്മന്നവർ,നയന മോട്ടമ്മ,ശരത് ബച്ചെഗൗഡ,ആനന്ദ് കടലുരു,ബസവരാജ് ശിവഗംഗ എന്നീ എം.എൽ.എമാരാണ് ഡൽഹിയിലുള്ളത്. എന്നാൽ വിദേശത്തുള്ള രാഹുൽഗാന്ധി എത്തുന്നത് വരെ കാക്കാനാണ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ നിർദ്ദേശം.

ആദ്യം സിദ്ധരാമയ്യ പിന്നീട് താൻ എന്ന ധാരണയിലാണ് കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതെന്ന് ശിവകുമാർ പറയുന്നു. രണ്ടര കൊല്ലം പിന്നിട്ടതിനാൽ വാഗ്‌ദാനം ചെയ്‌ത മുഖ്യമന്ത്രി പദം നൽകണമെന്ന് ആവശ്യം. എപ്പോൾ പദവി ലഭിക്കുമെന്ന് എഴുതി നൽകണമെന്ന് എം.എൽ.എമാർ വഴി ഹൈക്കമാൻഡിനെ ശിവകുമാർ അറിയിച്ചിട്ടുണ്ട്.

അതേസമയം,കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. സിദ്ധരാമയ്യയുടെ മകനും എം.എൽ.സിയുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യ എം.എൽ.എമാരെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കുന്നു.

ശിവകുമാറിന്റെ നടപടി കർണാടക കോൺഗ്രസിനെ ദുർബലപ്പെടുത്തുമെന്ന് ബംഗളൂരുവിൽ മല്ലികാർജ്ജുന ഖാർഗെയെ കണ്ട സിദ്ധരാമയ്യ അറിയിച്ചിരുന്നു. തർക്കത്തിൽ മധ്യസ്ഥത വഹിക്കുന്ന മലയാളിയും കർണാടക ഊർജ്ജ മന്ത്രിയുമായ കെ.ജെ. ജോർജ്ജ് സിദ്ധരാമയ്യയെ കണ്ടിരുന്നു. പിന്നാലെ ഡി.കെ. ശിവകുമാർ ജോർജുമായി കൂടിക്കാഴ്‌ച നടത്തി. മാർച്ചിലെ സംസ്ഥാന ബഡ്‌ജറ്റ് സമ്മേളനം വരെ ക്ഷമിക്കാൻ ജോർജ്ജ് ഉപദേശിച്ചതായി അറിയുന്നു. സിദ്ധരാമയ്യ-ശിവകുമാർ വടംവലി പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രിക്കസേരയ്‌ക്കായി ആഭ്യന്തരമന്ത്രിയും ദളിത് നേതാവുമായ ജി. പരമേശ്വരയും നീക്കം തുടങ്ങി.

അധികാരമില്ലെന്ന് ഖാർഗെ

കർണാടക വിഷയത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കുകയെന്ന് ഖാർഗെ വ്യക്തമാക്കി. രാഹുൽഗാന്ധി കർണാടക വിഷയത്തിൽ യോഗം വിളിച്ച് പ്രതിസന്ധി പരിഹരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. ശിവകുമാറിന് ഖാർഗെയെ കാണാൻ കഴിഞ്ഞില്ല. ഖാർഗെയുടെ നിസഹായത കഷ്‌ടമാണെന്ന് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര കളിയാക്കി.

മുഖ്യമന്ത്രിയാകാൻ

അനുഗ്രഹം

മുഖ്യമന്ത്രി കസേര ലഭിക്കാൻ ഡി.കെ. ശിവകുമാറിന് നാഗ സന്ന്യാസിമാരുടെ അനുഗ്രഹം. കഴിഞ്ഞ ദിവസം ശിവകുമാറിന്റെ വസതി സന്ദർശിച്ച കാശിയിൽ നിന്നുള്ള നാഗ സന്ന്യാസിമാരാണ് അനുഗ്രഹം ചൊരിഞ്ഞത്.