കാടുകയറി ആറാട്ടുകുഴി കുളം

Tuesday 25 November 2025 2:29 AM IST

വെള്ളറട: കൊടുംവനമായി മാറിരിക്കുകയാണ് ആറാട്ടുകുഴി കുളം.പരിസരം മുഴുവൻ ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയതോടെ പരിസരവാസികൾക്ക് മനസമാധാനത്തോടെ വഴി നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.ആറാട്ടുകുഴി ജംഗ്ഷന് സമീപമുള്ള ഒരേക്കറോളം വരുന്ന കുളമാണ് സംരക്ഷണമില്ലാതെ വനമായി മാറിയിരിക്കുന്നത്.

കുളത്തിനുള്ളിൽ കാട്ടുചെടികൾ വളർന്നതോടെ വെള്ളമുണ്ടോയെന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥയാണ്.വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കുളം നവീകരണത്തിന് ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ലക്ഷങ്ങൾ ചെലവഴിച്ചിട്ടുമുണ്ട്.

അകത്ത് കുറച്ച് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് നാട്ടുകാർ നേരത്തേ കന്നുകാലികളെ കുളിപ്പിക്കുമായിരുന്നു. എന്നാൽ കാടുകയറിയതോടെ ആരും വരാതെയായി.ഇപ്പോൾ ടൗണിലെ പ്രധാന കൊതുക് വളർത്തൽ കേന്ദ്രം കൂടിയാണ് കുളം.

നശിക്കുന്നത് നാടിന്റെ ജലസ്രോതസ്

കൊടുംവേനൽ അനുഭവപ്പെടുമ്പോൾ ഈ കുളത്തിനുള്ളിലെ ഊറ്റായിരുന്നു ജനങ്ങളുടെ ആശ്രയം. നവീകരണത്തിന്റെ പേരിൽ വെള്ളം കെട്ടിനിറുത്താൻ നിരവധിത്തവണ സൈഡ് വാൾ കെട്ടിയെങ്കിലും ഫലമുണ്ടായില്ല.ഇതിനു പുറമെ കുളത്തിന്റെ ഒരു ഭാഗത്ത് വെള്ളം കോരി കുളിക്കുന്നതിനുവേണ്ടിയുള്ള സംവിധാനം ഒരുക്കിയിരുന്നു.അതും നശിച്ചു.

നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യം സഹിക്കാനാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

നാട്ടുകാർ പറയുന്നു

തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് റോഡിലെയും കുളത്തിലെയും കാട് വെട്ടിനശിപ്പിക്കണം

കുളം അറ്റകുറ്റപ്പണികൾ ചെയ്ത് വെള്ളം കെട്ടിനിറുത്തി മത്സ്യക്കൃഷി ആരംഭിച്ചാൽ ഗ്രാമപഞ്ചായത്തിന് വരുമാന മാർഗമാകും