ഡൽഹിയിലെ ജെൻ സീ പ്രതിഷേധം: അറസ്റ്റിലായവരിൽ മലയാളികളും, പ്രതിഷേധക്കാർ അർബൻ നക്‌സലുകളെന്ന് പൊലീസ്

Tuesday 25 November 2025 12:50 AM IST

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായവരിൽ രണ്ട് മലയാളികളും. തൃശൂർ,മലപ്പുറം സ്വദേശികളായ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഇവരടക്കം 15 പേരെയാണ് ഇന്ത്യാ ഗേറ്റ് പരിസരത്തെ പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവർ അർബൻ നക്‌സലുകളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധക്കാർ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുകയാണ് പൊലീസ്. ആന്ധ്രപ്രദേശിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മദ് വി ഹിദ്മയുടെ ചിത്രവും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉപയോഗിച്ചിരുന്നു. ബിർസ മുണ്ട മുതൽ മദ്വി ഹിദ്മ വരെ വനം സംരക്ഷിക്കാനുള്ള പോരാട്ടം നടത്തി എന്നായിരുന്നു പോസ്റ്ററിലെ വാചകം. മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി പ്രതിഷേധക്കാർക്കുള്ള ബന്ധമാണ് പൊലീസ് അന്വേഷിക്കുന്നത്. ഡൽഹി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഞായറാഴ്ച വൈകിട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. ജെ.എൻ.യുവിലെയും ഡൽഹി സർവകലാശാലയിലെയും വിദ്യാർത്ഥികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും. പ്രതിഷേധക്കാരെ റോഡിൽ നിന്ന് നീക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയും കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ആക്രമിച്ചതിനും കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.