എം.എസ്.എം.ഇകൾക്കുള്ള ഇൻഡ്ആപ്പ് പ്രകാശനം നാളെ
ന്യൂഡൽഹി:എം.എസ്.എം.ഇ സംരംഭകർക്കുള്ള സർക്കാർ പദ്ധതികൾ, ധനസഹായം, പരിശീലന-നൈപുണ്യ വികസന പരിപാടികൾ, മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്ന 'ഇൻഡ്ആപ്പ്' നാളെ ഡൽഹിയിൽ കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതൻ റാം മാഞ്ചി പുറത്തിറക്കും. എം.എസ്.എം.ഇ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻഡസ്ട്രീസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് കൗൺസിലാണ്(എൻ.ഇ.ആർ.ഡി.സി) ആപ്പ് തയ്യാറാക്കിയത്.
എം.എസ്.എം.ഇ ഇടപെടലുകളുടെ വ്യാപ്തിയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഏകജാലക പ്ലാറ്റ്‌ഫോമായി ആപ്പ് പ്രവർത്തിക്കുമെന്ന് എൻ.ഐ.ആർ.ഡി.സി നാഷണൽ ചെയർമാൻ ശംഭു സിംഗ് പറഞ്ഞു. സംരംഭകരെ സഹായിക്കാൻ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും വിവിധ മേഖലകളിലെ സേവനങ്ങളും സംയോജിപ്പിക്കും.
വ്യാവസായിക മേഖലയിലെ പുതിയ അവസരങ്ങൾ, വിപണി പ്രവണതകൾ, കയറ്റുമതി പ്രോത്സാഹന പദ്ധതികൾ, സാമ്പത്തിക സബ്‌സിഡികൾ, സാങ്കേതിക നവീകരണവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ തുടങ്ങിയവ നിർണായക വിവരങ്ങൾ തത്സമയം ആപ്പിൽ ലഭ്യമാകും. ഏഴ് മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.